Headlines

വെല്‍ക്കം ചെയ്യുമോ കോണ്‍ഗ്രസ്? പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജ

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ പത്മജ വേണുഗോപാല്‍. അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും കെ സി വേണുഗോപാലിനും കത്ത് നല്‍കി. അല്‍പ സമയം മുമ്പ് ഇ-മെയിലിലൂടെയാണ് പത്മജ ആവശ്യം അറിയിച്ചത്. പത്മജയുടെ കാര്യത്തില്‍ ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കില്ലെന്നും നേതൃത്വവുമായി കൂടിയാലോചന നടത്തിയും മുതിര്‍ന്ന നേതാക്കളോട് ഉള്‍പ്പെടെ ആലോചിച്ചും തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുമ്പ് പ്രതികരിച്ചിരുന്നത്. (Padmaja writes letter to KPCC president seeking party membership)

തന്റെ പിതാവ് കെ കരുണാകരനെ ഉള്‍പ്പെടെ ബിജെപിയിലേക്ക് കൊണ്ടുപോയേനെ എന്നതടക്കമുള്ള പത്മജയുടെ പഴയ പ്രസ്താവനകള്‍ മറക്കാന്‍ കഴിയില്ലെന്നും പത്മജയെ പ്രവേശിപ്പിക്കുന്നതില്‍ എടുത്തുചാടി തീരുമാനം എടുക്കരുതെന്നുമാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട്. എന്നാല്‍ തെറ്റ് തിരുത്തി വരണമെങ്കില്‍ വരട്ടേ എന്ന മയപ്പെട്ട നിലപാട് കുറച്ച മുതിര്‍ന്ന നേതാക്കള്‍ക്കെങ്കിലുമുണ്ട്. പാര്‍ട്ടി പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഒരു സാധാരണ പ്രവര്‍ത്തകയായി മടങ്ങിവരാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു പത്മജ പ്രതികരിച്ചിരുന്നത്.

പത്മജയുടെ മടങ്ങി വരവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്കും മഹിളാ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്കും അടക്കം അതൃപ്തിയുണ്ട്. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. പത്മജയുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് പാര്‍ട്ടി എടുക്കുകയെന്നും ആ തീരുമാനത്തെ എങ്ങനെയാണ് നേതാക്കള്‍ സ്വാഗതം ചെയ്യുന്നതെന്നതും ആകാംക്ഷയാണ്. നവംബര്‍ 19നാണ് പത്മജ ബിജെപിയില്‍ നിന്ന് രാജിവച്ചത്. 2024 മാര്‍ച്ച് ഏഴിനായിരുന്നു ബിജെപിയിലേക്കുള്ള പത്മജയുടെ പ്രവേശനം.