ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാംതവണ ഉത്തർപ്രദേശിൽ അധികാരം ലക്ഷ്യമിടുന്ന ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം. കഴിഞ്ഞ തവണ നിഷാദ് പാർട്ടിയും അപ്നാ ദളുമായിരുന്നു സഖ്യകക്ഷികൾ. ഇക്കുറി ഇവർക്കു പുറമേ ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ 2 പാർട്ടികൾ കൂടി കളത്തിലിറങ്ങുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രിയെ വാഴിക്കാൻ വഴിതുറന്ന നിതീഷ് കുമാറിന്റെ ജെഡിയു, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി (റാം വിലാസ്) എന്നിവയുടെ ആവശ്യങ്ങൾ അവഗണിക്കാൻ ബിജെപിക്കു കഴിയില്ല.
കഴിഞ്ഞ തവണ 370 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളുണ്ടായിരുന്നു. 255 പേർ ജയിച്ചു. നിഷാദ് പാർട്ടിക്ക് 16, അപ്നാ ദളിന് 17 എന്നിങ്ങനെയാണു സീറ്റുകൾ നൽകിയത്. നിഷാദ് പാർട്ടിയുടെ 6 പേർ താമരചിഹ്നത്തിൽതന്നെ മത്സരിച്ചു. മത്സ്യത്തൊഴിലാളി, നദീതീരവാസി, പിന്നാക്ക സമുദായങ്ങളാണ് നിഷാദ് പാർട്ടിയുടെ വോട്ട്ബാങ്ക്. പിഡിഎ എന്ന പേരിൽ പ്രചാരണം തുടങ്ങിയ അഖിലേഷ് യാദവിനൊപ്പം പോകാതെ പിന്നാക്കവിഭാഗങ്ങളെ കൂടെനിർത്താൻ നിഷാദ് പാർട്ടിയുടെ പിന്തുണ എൻഡിഎയ്ക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് 35 – 37 സീറ്റുകൾ വേണമെന്ന് പാർട്ടി നേതാവ് സഞ്ജയ് നിഷാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്നാദളിന് 30 സീറ്റ് വേണമെന്നാണ് ആവശ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്കൊപ്പമായിരുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയും (എസ്ബിഎസ്പി) ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളും (ആർഎൽഡി) ഇത്തവണ എൻഡിഎയിലുണ്ട്. 2022 ൽ 17 സീറ്റുകളിൽ മത്സരിച്ച് ആറിടത്ത് ജയിച്ച എസ്ബിഎസ്പി ഇത്തവണ 25 സീറ്റുകളാണ് ചോദിച്ചത്. 33 സീറ്റിൽ മത്സരിച്ച് 9 സീറ്റുകളിൽ ജയിച്ച രാഷ്ട്രീയ ലോക്ദളും മുൻപ് മത്സരിച്ച സീറ്റുകളെല്ലാം നൽകണമെന്നും ആവശ്യമുയർത്തി.
യുപി നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനിറങ്ങുന്ന ലോക് ജനശക്തി പാർട്ടിയുടെയും (രാം വിലാസ്) സീറ്റ് ആവശ്യത്തിന് അയവില്ല. ധാരണയായില്ലെങ്കിൽ 403 സീറ്റിലും മത്സരിക്കുമെന്ന് കേന്ദ്രമന്ത്രികൂടിയായ ചിരാഗ് പാസ്വാൻ തുറന്നടിച്ചു. 2022 ൽ 26 സീറ്റിൽ മത്സരിച്ച ജെഡിയുവും പിന്നോട്ടില്ല. കഴിഞ്ഞതവണ ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കിലും ഇക്കുറി 60 സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആലോചിക്കുന്നതായി ബിഹാർ മന്ത്രിയും നിതീഷ് കുമാറിന്റെ മകനുമായ നിഷാന്ത് കുമാർ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷികൾക്കെല്ലാംകൂടി 60 സീറ്റിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നാണു ബിജെപിയിലുയരുന്ന ചർച്ച. ആരെയും പിണക്കാതിരിക്കാൻ അമിത് ഷാ നേരിട്ട് സീറ്റ് ചർച്ചകളിൽ ഇടപെടുന്നുണ്ട്.






