തിരുവനന്തപുരം: ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് ആർഎസ്പിയും. നാല് എംഎൽഎമാരുള്ള പാർട്ടി എന്ന നിലയിലുള്ള പരിഗണന വേണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. 14 ബോർഡ് -കോർപ്പറേഷൻ സ്ഥാനങ്ങൾ വേണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ടു പോകണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. ബോർഡ് -കോർപ്പറേഷൻ തീരുമാനം വൈകുന്നതിലും ആർഎസ്പി അതൃപ്തി പരസ്യമാക്കി. തീരുമാനം ഈ മാസം തന്നെ വേണമെന്നാണ് ആവശ്യം.
മന്ത്രിസഭയിലെ തർക്കത്തിൽ ആർഎസ്പി തുറന്നടിച്ചു. മന്ത്രിസഭയെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദം നിർഭാഗ്യകരമെന്നും , പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം വിളിക്കണമെന്നും ആർഎസ്പി ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങൾ യുഡിഎഫ് പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യണം. ജനാധിപത്യപരമായ രീതി സ്വീകരിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം വ്യാപകമായി വർധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന വ്യക്തമാക്കിയ എൻ കെ പ്രേമചന്ദ്രൻ വർധിപ്പിച്ചാൽ എഎ അസീസിനും ക്യാബിനറ്റ് പദവി വേണമെന്ന് ആവശ്യപ്പെട്ടു.
ലീഗിനും ഫോർവേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവിയിൽ ചർച്ച നടന്നതായി അറിവില്ല നേതാക്കളുമായി ചിലപ്പോൾ സംസാരിച്ച് കാണാം. എല്ലാ പാർട്ടികൾക്കും കാബിനറ്റ് പദവി കൊടുക്കാമെങ്കിൽ ആർഎസ്പിക്ക് എന്താ അയോഗ്യതയെന്ന് എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു. നയപരമായ ചർച്ചകൾ നടക്കേണ്ടത് മുന്നണി യോഗത്തിലാണ്. മന്ത്രിസഭാ യോഗത്തിൽ അല്ല. കെപിസിസി പ്രസിഡൻ്റും ആർഎസ്പി സെക്രട്ടറിയും എല്ലാം കാബിനറ്റിൽ ഉണ്ടങ്കിലും രാഷ്ട്രീയ ചർച്ച അവിടെ നടക്കണം എന്നില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.







