Headlines

പണയസ്വർണം കാണാതായ കേസ്: കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

മല്ലപ്പള്ളി (പത്തനംതിട്ട) ∙ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയത്തിലിരുന്ന സ്വർണാഭരണങ്ങൾ കാണാതായ കേസിൽ ബാങ്ക് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കണ്ടല രാധശ്രീ ഭവനിൽ എസ്.രാധശ്രീയെയാണു (38) കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സ്വർണമുള്ള ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിച്ചില്ല, കണക്കുകൾ യഥാസമയം പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണു രാധശ്രീക്കുമേൽ ചുമത്തിയത്. മല്ലപ്പള്ളി പരിയാരത്ത് പുതിയതായി നിർമിച്ച ദേവം വീട്ടിലാണ് ഒന്നരമാസത്തിലേറെയായി ഇവർ താമസിക്കുന്നത്.

റീജനൽ മാനേജർ ഉൾപ്പെടെയുള്ളവർ മാസത്തിൽ ഒരിക്കൽ ബാങ്കിൽ നടത്തുന്ന പരിശോധനയ്ക്കിടെയാണ് 1.35 കോടി രൂപയോളം മൂല്യമുള്ള പണയ സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിലില്ലെന്നു കണ്ടെത്തിയത്. 1200 ഗ്രാമിലേറെ സ്വർണമാണു നഷ്ടപ്പെട്ടത്. അറസ്റ്റിലായ വിജേഷിൽ നിന്നു രാധശ്രീ 15 ലക്ഷത്തോളം രൂപ വാങ്ങിയതായും വിവരമുണ്ട്. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ തുകയുണ്ടോയെന്നു കണ്ടെത്താൻ കഴിയൂ. പണയ സ്വർണത്തിൽ കുറവു കണ്ടെത്തിയതോടെ ബാങ്ക് പ്രസിഡന്റ് ജി.സതീഷ്ബാബു കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകിയിരുന്നു.