പാക്കിസ്ഥാനുമായുള്ള ബന്ധം തീർത്തും മോശമായതോടെ വ്യാപാരരംഗത്ത് പിടിച്ചുനിൽക്കാൻ വാഖൻ അതിർത്തി തുറക്കാമെന്ന അഫ്ഗാനിസ്ഥാന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി. ചൈനയിലേക്കുള്ള ഇടുങ്ങിയ വഴിയുള്ള അതിർത്തിയായ വാഖൻ തുറക്കാനായിരുന്നു അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 5000ഓളം മീറ്റർ ഉയരത്തിലാണ് വാഖൻ.
ബാദഖ്ഷാൻ പ്രവിശ്യയിലാണ് 121 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. അതിർത്തിയിൽ വാഖ്ജിർ പാസിലാണ് ചൈനയിലേക്കുള്ള വാതിൽ തുറക്കുന്നത്.
നിലവാരമുള്ള റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത വാഖനിലേക്ക് പൊതുഗതാഗതത്തിന് ഇപ്പോഴും അനുവാദമില്ല. 365 മില്യൻ അഫ്ഗാനിസ് (ഏകദേശം 50 കോടി ഇന്ത്യൻ രൂപ) ചെലവാക്കി താലിബാൻ ഭരണകൂടം വാഖനിലേക്കുള്ള പാത മെച്ചപ്പെടുത്തിയിരുന്നു. ചൈനയുടെ ഉൾപ്പെടെ സഹായത്തോടെ റോഡുകളും മറ്റും മെച്ചപ്പെടുത്തി ചരക്കുനീക്ക ഇടനാഴിയാക്കുകയാണ് ലക്ഷ്യം. ഇതുവഴി പേർഷ്യൻ ഗൾഫിലേക്ക് കടക്കാനാകുമെന്നാണ് അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.
എന്നാൽ, അതിർത്തി തുറക്കുന്നതിൽ ചൈന മൗനം പാലിക്കുകയാണ്. അതിർത്തിയിൽ ചൈനീസ് ഭാഗത്ത് കസ്റ്റംസ് ഓഫിസ് സ്ഥാപിക്കാനും തയാറായിട്ടില്ല. വാഖൻ തുറന്നുകിട്ടുന്നത് ചൈനയ്ക്കും അപ്രതീക്ഷിത നേട്ടമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ചൈനീസ് ഭരണകൂടം ഈ പാത തുറക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.
അഫ്ഗാൻ വഴി ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ചൈനയ്ക്ക് എളുപ്പത്തിൽ കടക്കാവുന്ന പാതയാണിത്. ചൈന-അഫ്ഗാൻ-ഇറാൻ ചരക്കുനീക്കത്തിനും വാഖൻ നിർണായകമായി മാറും. വാഖൻ പാത സജീവമാകുന്നത് മേഖലയിൽ പാക്കിസ്ഥാന്റെ പ്രാധാന്യത്തിന് തിരിച്ചടികും. ഇതാകും ചൈന മുഖംതിരിക്കാൻ കാരണമെന്ന് കരുതുന്നു.
നേരത്തേ പാക്കിസ്ഥാൻ വഴിയായിരുന്നു അഫ്ഗാന്റെ വിദേശ കയറ്റുമതികൾ. പാക്കിസ്ഥാനും അഫ്ഗാനും തമ്മിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇതുമൂലം അതിർത്തികൾ അടച്ചതോടെ അഫ്ഗാൻ വ്യാപാരികൾക്ക് പാക്കിസ്ഥാനിലേക്ക് കടക്കാനോ പാക്ക് തുറമുഖങ്ങളായ കറാച്ചി, ഗ്വാദർ എന്നിവ ഉപയോഗിക്കാനോ പാറ്റാത്ത സ്ഥിതിയായി. ഇതോടെയാണ് അഫ്ഗാൻ മറ്റുവഴികൾ തേടിയിറങ്ങിയത്.
ബദൽ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായി മധ്യേഷ്യൻ രാജ്യങ്ങളുമായി ഉൾപ്പെടെ വ്യാപാരബന്ധം അഫ്ഗാൻ മെച്ചപ്പെടുത്തി. കാബുളിൽ അടുത്തിടെ അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഇമാം അബു ഹനീഫ നാഷനൽ ആൻഡ് ഇന്റർനാഷനൽ എക്സിബിഷനിൽവച്ച് ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി 400 മില്യൻ ഡോളറിന്റെ (ഏകദേശം 3800 കോടി രൂപ) വ്യാപാരക്കരാർ അഫ്ഗാൻ ഒപ്പുവച്ചിരുന്നു.
വിദേശ കയറ്റുമതിക്കായി ഇറാനിലെ ചബഹാർ തുറമുഖം ഉപയോഗിക്കാനും ഒരുങ്ങുകയാണ് അഫ്ഗാൻ. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെർമിനലും ചബഹാറിലുണ്ട്. ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിൽ അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി അനുവദിക്കാനും ഇറാൻ ധാരണയിൽ എത്തിയിരുന്നെങ്കിലും, പിന്നീട് ഇറാൻ സർക്കാർ ഇതിൽനിന്നു പിന്മാറി.








