Headlines

ബിൽക്കീസ് ബാനോ കേസ്: 9 പേർകൂടി ജാമ്യം തേടുമോ? 2 പ്രതികൾക്ക് ജാമ്യം ലഭിച്ചത് മറ്റു പ്രതികളും ഉന്നയിച്ചേക്കാം

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോയെ പീഡിപ്പിക്കുകയും ബന്ധുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 9 പേർകൂടി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കേസിലെ ആറാം പ്രതി ബിപിൻചന്ദ് കനയ്യലാൽ ജോഷിയുടെയും എട്ടാം പ്രതി പ്രദീപ് രമൺലാൽ മോധിയയുടെയും ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയുമാണ് സുപ്രീം കോടതി കഴിഞ്ഞ 28ന് ചെയ്തത്. 2017 മേയ് നാലിലെ ബോംബെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബിപിൻചന്ദും പ്രദീപ് രമൺലാലും നൽകിയ പ്രത്യേകാനുമതി ഹർജിയിലായിരുന്നു ജസ്റ്റിസ് എം.എം.സുന്ദരേശ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നടപടി.

17 വർഷമായി തടവിലാണ്, ബിപിൻചന്ദിന് അംഗപരിമിതിയുണ്ട്, കേസിലെ വിഷയങ്ങൾ വസ്തുതാപരമായും നിയമപരമായും പരിശോധിക്കേണ്ടതുണ്ട് എന്നിവയാണ് ഹർജിക്കാർക്ക് അനുകൂലമായ നടപടിക്കു കോടതി പറഞ്ഞ കാരണങ്ങൾ. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുള്ളതാണു ഹർജിക്കാരെന്ന് ബിൽക്കീസ് മൊഴി നൽകിയിട്ടില്ല, ഇരുവരും ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നെന്നു മാത്രമാണു തെളിവുള്ളത് തുടങ്ങിയ വാദങ്ങളും ഹർജിക്കാരുടെ അഭിഭാഷകർ ഉന്നയിച്ചിരുന്നു.

ഏറെ വർഷമായി ജയിലിലാണെന്നതും വസ്തുതകളും മറ്റും പരിഗണിക്കണമെന്നതും മറ്റ് 9 പ്രതികൾക്കും ഉന്നയിക്കാവുന്ന വാദമാണ്. ജാമ്യം ലഭിച്ചവരുടേതിനു തുല്യമായ പരിഗണന തങ്ങൾക്കും ലഭിക്കണമെന്ന വാദവും ഉന്നയിക്കാം. എന്നാൽ, ചെയ്ത കുറ്റങ്ങളുടെ സ്വഭാവം പരിഗണിച്ച് ഇക്കൂട്ടത്തിലെ 3 പേർക്കു വധശിക്ഷ നൽകണമെന്നായിരുന്നു ഹൈക്കോടതിയിൽ സിബിഐ വാദിച്ചത്. 15 വർഷം തടവിലായിരുന്നുവെന്നതും അത്യപൂർവമല്ലാത്ത കേസാണെന്നതും ഉൾപ്പെടെ പരിഗണിച്ചാണ് ഇവർക്കു ജീവപര്യന്തം തടവു മതിയെന്നു ഹൈക്കോടതി തീരുമാനിച്ചത്.

ബിൽക്കീസിന്റെ ഭാഗം കേൾക്കാതെയാണ് 2 പേർക്കു ജാമ്യം അനുവദിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. 2017ലെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അപ്പീൽ നൽകിയത്. ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളെയാണ് എതിർകക്ഷികളാക്കിയത്. കഴിഞ്ഞമാസം 28ന് ഉൾപ്പെടെ മൊത്തം 8 തവണ കേസ് കോടതി പരിഗണിച്ചിരുന്നു. 8 വർഷം കഴിഞ്ഞാണ് അപ്പീൽ നൽ‍കിയതെങ്കിലും പ്രതികൾ ജയിലിലായിരുന്നുവെന്നതു കാലതാമസത്തിനുള്ള ന്യായമായ കാരണമായി സുപ്രീം കോടതി അംഗീകരിച്ചു. എന്നാൽ, രണ്ടുപേരും പരോളിലുൾപ്പെടെ 3 വർഷമെങ്കിലും ജയിലിനു പുറത്തായിരുന്നുവെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.പ്രതികൾ 11 പേരും ജയിലിലായിരിക്കെയാണ് ശിക്ഷയിളവിനു ശ്രമങ്ങളുണ്ടായതെന്നതു ശ്രദ്ധേയമാണ്. 2022 ഓഗസ്റ്റിലാണ് 11 പ്രതികളെയും മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മതത്തോടെ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. എന്നാൽ, കേസ് വിചാരണ നടന്നതു മഹാരാഷ്ട്രയിലായതിനാൽ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് 2024 ജനുവരിയിൽ സുപ്രീം കോടതി വിധിച്ചു; ഗുജറാത്ത് സർക്കാരിന്റെ ഉത്തരവു റദ്ദാക്കി. വർഗീയവിദ്വേഷത്താലുള്ള ക്രൂരവും പൈശാചികവുമായ നടപടികളെന്നാണു പ്രതികളുടെ ചെയ്തികളെ അന്നു കോടതി വിശേഷിപ്പിച്ചത്. അതു സംഭവിച്ച് ഒന്നരവർഷത്തിനുശേഷമാണ് പ്രതികളിൽ 2 പേർ 2017 ലെ വിധിക്കെതിരെ അപ്പീൽ നൽകിയതും ഇപ്പോൾ ജാമ്യം നേടിയതും.

മറ്റൊരു ശ്രദ്ധേയ വസ്തുതയുണ്ട്: കേസിൽ 11 പേരെക്കൂടാതെ 2 ഡോക്ടർമാരും 5 പൊലീസുകാരും കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ഇവർ അതുവരെ അനുഭവിച്ച തടവിനെ ശിക്ഷാകാലയളവായി കരുതാനും പിഴ ചുമത്തി മോചിപ്പിക്കാനും ഉത്തരവുമിട്ടിരുന്നു. കുറ്റക്കാരെന്ന വിധിക്കെതിരെ ഇവർ 2017ൽതന്നെ സുപ്രീം കോടതിയെ സമീപിച്ചു. ഹർജികൾ അക്കാലത്തുതന്നെ സുപ്രീം കോടതി തള്ളുകയുണ്ടായി.