ഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ താൽക്കാലികമായി തടഞ്ഞ് സുപ്രിംകോടതി. പ്രതികൾക്ക് ജാമ്യം അനുവദിച്ചു. 17 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം.ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം. 2017-ൽ ബോംബെ ഹൈക്കോടതി ശരിവച്ച ശിക്ഷയ്ക്കെതിരെയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ നേരത്തെ വിട്ടയച്ച 11 പേരിൽ ഉൾപ്പെടുന്നവരാണ് ഈ രണ്ട് കുറ്റവാളികൾ. ഇവരുടെ മോചനം 2024-ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിലുള്ള ഗോധ്ര ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ, പ്രതികളായ രണ്ടുപേരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരവും, 376-ാം വകുപ്പ് (ബലാത്സംഗം) കൂടി ചേർത്തും വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷയായി വിധിക്കുകയുമായിരുന്നു.
ഈ വർഷം മാർച്ചിൽ അവരുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. മുൻപ് നടന്ന വാദത്തിനിടെ, ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നൽകിയ മൊഴിയിലോ, വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ മുന്നിൽ നൽകിയ മൊഴിയിലോ അതിജീവിത ഈ രണ്ട് ഹർജിക്കാരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.









