പത്രോസ് തൃതീയൻ ബാവാ വിശുദ്ധപദവിയിലേക്ക്

മുളന്തുരുത്തി (എറണാകുളം) ∙ ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നൽകിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് എപ്പിസ്കോപ്പൽ സുന്നഹദോസിൽ തുടക്കമായി. ആഗോള സുന്നഹദോസിൽ മലങ്കര സഭയുടേതായി വന്ന നിർദേശത്തിനു പരിശുദ്ധ പാത്രിയർക്കീസ് ബാവാ അനുമതി നൽകി.

1872 ൽ അന്ത്യോക്യ പാത്രീയർക്കീസ് ആയി വാഴിക്കപ്പെട്ട പരിശുദ്ധ പത്രോസ് തൃതീയൻ ബാവായാണു മലങ്കരയിൽ സന്ദർശനം നടത്തിയ ആദ്യ പാത്രിയർക്കീസ് ബാവാ.1798 ൽ ഇറാഖിലെ മൊസൂളിലായിരുന്നു ജനനം. മലങ്കരയിലെ ആദ്യ സുന്നഹദോസ് 1876 ജൂൺ 28ന് മുളന്തുരുത്തി പള്ളിയിൽ വിളിച്ചു കൂട്ടിയത് അദ്ദേഹമാണ്.

150 വർഷം മുൻപു മലങ്കരയിൽ ആദ്യമായി മൂറോൻ കൂദാശ നിർവഹിച്ച പാത്രിയർക്കീസും അദ്ദേഹമായിരുന്നു. മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ച് 6 മെത്രാപ്പൊലീത്തമാരെ ‌വാഴിച്ചു. 1877 മേയ് 16ന് ഇന്ത്യയിൽ നിന്നു മടങ്ങി. 1894 ൽ കാലം ചെയ്തു.