KMSCL തലപ്പത്തേക്ക് വരാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് താല്പര്യക്കുറവ്: ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല

തിരുവനന്തപുരം: KMSCL തലപ്പത്തേക്ക് വരാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് താല്പര്യക്കുറവ്. ചുമതല ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥരാരും ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യതയും അന്വേഷണം നടക്കുന്നതുമാണ് ഉദ്യോഗസ്ഥരെ സ്ഥാനമേറ്റെടുക്കുന്നതിൽ പിന്നോട്ടടിക്കുന്നത്. മാസങ്ങളായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തലപ്പത്ത് ആരുമില്ല. പുതിയ മാനേജിങ് ഡയറക്ടറെ നാളെ തീരുമാനിച്ചേക്കും.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം KMSCL മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിച്ച ആരും സ്ഥാനമേറ്റെടുത്തില്ല. ഡി ബാലമുരളിയും അസൗകര്യം സർക്കാരിനെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി ബാലമുരളിയെ സ്ഥാനത്തു നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ എംഡിയായിരുന്ന ബാലമുരളി വീണ്ടും തലപ്പത്ത് വന്നാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജനറൽ മാനേജർക്കാണ് എംഡിയുടെ താൽക്കാലിക ചുമതല.2021-ലെ കോവിഡ് കാല പർച്ചേസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബാലമുരളിക്കെതിരെ അന്വേഷണം നടക്കുന്നത്. എംഡിയായിരുന്ന സമയത്ത് അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയെന്നും ഉയർന്ന വിലയ്ക്ക് സാധനങ്ങൾ പർച്ചേസ് ചെയ്തെന്നുമാണ് പ്രധാന ആരോപണങ്ങൾ. കെഎംസിഎല്ലിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് സ്ഥാപനം ശുദ്ധീകരിക്കുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം.