ഡല്‍ഹി: ഗുജറാത്ത് കലാപകാലത്ത് ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷം. ബില്‍ക്കിസ് ബാനോയുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നും ഉത്തരവ് ഞെട്ടിക്കുന്നതുമാണ് പ്രതികരണം. ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കാനാണ് ബില്‍ക്കിസ് ബാനോയുടെ തീരുമാനം.
നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് പുനപരിശോധന ഹര്‍ജി നല്‍കിയേക്കും. നിലവില്‍ താമസിക്കുന്ന സ്ഥലം ബില്‍കിസ് വെളിപ്പെടുത്തിയില്ല. ജീവന് ഭീഷണി ഉണ്ടെന്നും ബില്‍കിസ് ബാനോ പറയുന്നു.
ബില്‍ക്കീസ് ബാനുവും കുടുംബവും കഴിഞ്ഞ ദിവസം ഗുജറാത്ത് വിട്ടിരുന്നു. കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. ബില്‍ക്കീസ് ബാനുവിന്റെ അമ്മാവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികള്‍ പുറത്തിറങ്ങുന്നതോടെ താനും മക്കളും കുടുംബവും വീണ്ടും ഭീതിയിലാണെന്ന് ബില്‍ക്കീസ് ബാനു കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്നെ അറിയിക്കാതെയും തന്റെ ഭാഗം കേള്‍ക്കാതെയുമാണ് കോടതി ശിക്ഷ മരവിപ്പിച്ചതെന്നും നീതിക്കായുള്ള നിയമപോരാട്ടം തുടരുമെന്നും ബാനു വ്യക്തമാക്കിയിരുന്നു.
17 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2017-ല്‍ ബോംബെ ഹൈക്കോടതി ശരിവച്ച ശിക്ഷയ്ക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.








