തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും തിരുവനന്തപുരം ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാനെ പുറത്താക്കി കോണ്‍ഗ്രസ്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഹൈല്‍ ഷാജഹാനെ പുറത്താക്കിയത്. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സുഹൈല്‍ ഷാജഹാന്റെ ഇടപാടുകളില്‍ ദുരൂഹതയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഉന്നത ബന്ധം ഉപയോഗിച്ച് ക്വട്ടേഷന്‍ പിടിക്കാന്‍ സുഹൈല്‍ ശ്രമം നടത്തിയെന്നാണ് സംശയം. എംപിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ എംപിയില്ലാതെ സ്ഥിരം യാത്ര ചെയ്തതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു റിപ്പോര്‍ട്ട്. സുഹൈലിന്റെ ഇടപാടുകളിലും ബന്ധങ്ങളിലും ദുരൂഹതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എകെജി സെന്റര്‍ ആക്രമണം അലങ്കാരമായി കൊണ്ട് നടന്നുവെന്നും പൊലീസ് പറയുന്നു.
കൊച്ചിയില്‍ ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ ഗുണ്ടകളുടെ യോഗം വിളിച്ചപ്പോള്‍ മുതല്‍ സുഹൈല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉന്നത ബന്ധം ഉപയോഗിച്ച് ക്വട്ടേഷന്‍ പിടിക്കലായിരുന്നു ലക്ഷ്യമെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. ചേന്തി അനിലിന്റെ വിഷയത്തിലെ ഇടപെടലും,രമ്യ ഹരിദാസ് വിവാദത്തിലെ ഇടപെടലും കോണ്‍ഗ്രസ് നേതൃത്വത്തിലും വിയോജിപ്പ് ഉണ്ടാക്കി.
ഇന്നലെ രാവിലെയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തിയാണ് പണ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ക്ലിനിക്കിനെതിരെ ചങ്ങാതിക്കൂട്ടം എന്ന സോഷ്യല്‍ മീഡിയ പേജില്‍ സുഹൈല്‍ ഷാജഹാന്‍ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യന്നതിന് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നടക്കം പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടുകൂടിയാണ് ആശുപത്രിയുടമ പേട്ട പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥാപന ഉടമ സുഹൈലിന് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിന് പിന്നാലെ രാവിലെ സുഹൈല്‍ ആശുപത്രിയിലേക്ക് എത്തി. അപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതര്‍ പേട്ട പൊലിസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.






