Headlines

വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു; ആമസോണ്‍ വിക്ഷേപണദൗത്യം പരാജയം

ഫ്‌ളോറിഡ: ആമസോണ്‍ വിക്ഷേപണ ദൗത്യം പരാജയം. ബോയിംഗിന്റെയും ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് വിക്ഷേപിച്ച വള്‍ക്കന്‍ റോക്കറ്റാണ് പരാജയപ്പെട്ടത്. ആമസോണിന്റെ ലിയോ ഇന്റര്‍നെറ്റ് ശൃംഖലയിലേക്കുള്ള 40 ഉപഗ്രഹങ്ങളാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്. ഫ്‌ലോറിഡയില്‍ നിന്ന് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുയായിരുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് ബദലായാണ് ആമസോണിന്റെ ലിയോ ഇന്റര്‍നെറ്റ് പദ്ധതി തയ്യാറാക്കിയിരുന്നത്. (Amazon loses 40 Leo satellites after Vulcan rocket fails in mid-flight)

2025 മുതല്‍ 14 വിക്ഷേപണങ്ങളിലായി 398 ലിയോ ഉപഗ്രഹങ്ങള്‍ കമ്പനി ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരാജയം. കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 41ല്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. എന്നാല്‍ വിക്ഷേപണത്തിന് 10 മിനിറ്റിന് ശേഷം തന്നെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. എന്താണ് തകരാറിന് കാരണമെന്ന് യുണൈറ്റഡ് ലോഞ്ച് അലയന്‍സ് വിശദീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണങ്ങളും പഠനങ്ങളും നടന്നുവരികയാണ്.

കമ്പനിയുടെ തന്നെ അറ്റ്‌ലസ് 5 റോക്കറ്റുകള്‍ക്ക് പകരമായാണ് വള്‍ക്കന്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാനിരുന്നത്. ഇതുവഴി വാണിജ്യ ആവശ്യങ്ങള്‍ക്കും ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കുമായി കൃത്യമായ ഇടവേളകളില്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ കമ്പനി ലക്ഷ്യമിട്ടിരുന്നു. 2024 ല്‍ ഈ റോക്കറ്റ് ആദ്യമായി വിക്ഷേപിക്കപ്പെട്ടതിന് ശേഷമുള്ള അഞ്ചാമത്തെ പറക്കലായിരുന്നു ഇന്നലെ ലക്ഷ്യമിട്ടിരുന്നത്. റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് പേലോഡുമായി പോകുന്ന സെന്റോര്‍ അപ്പര്‍ സ്റ്റേജില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് പരാജയം സംഭവിച്ചതെന്ന് കരുതപ്പെടുന്നു.