വാഷിങ്ടൻ∙ ഇസ്രയേലും പശ്ചിമേഷ്യയും ഇന്നും നിലനിൽക്കുന്നത് തന്റെ ഇടപെടൽ മൂലമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കുന്നതിൽനിന്ന് താൻ ഇറാനെ തടഞ്ഞിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്നുണ്ടാവില്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് പുനരാരാംഭിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
‘ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഞാൻ ഇറാനെ തടഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും, മുഴുവൻ പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കില്ലായിരുന്നു. ആരും അത് തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവർക്കും ആ സത്യം അറിയാം.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനെതിരെ ആക്രമണം വീണ്ടും തുടങ്ങുന്നതിൽ മൂന്നുദിവസത്തിനിടെ പലതവണ ട്രംപ് നിലപാട് മാറ്റിയിരുന്നു. ഇറാനെ ആക്രമിക്കാനില്ലെന്നായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ട്രംപ് പറഞ്ഞത്. എന്നാൽ, ആക്രമണം തുടങ്ങാൻ ഉടൻ പദ്ധതിയില്ലെന്നും പക്ഷേ സൈന്യം തയ്യാറാണെന്നുമായിരുന്നു ചൊവ്വാഴ്ചത്തെ പ്രതികരണം. വ്യാഴാഴ്ച ഇതേ ചോദ്യം മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ ‘അതേക്കുറിച്ച് നിങ്ങൾ ഉടൻ അറിയും’ എന്നായിരുന്നു മറുപടി.









