ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ ട്രംപ് ക്യാംപിൽ പ്രതിസന്ധി രൂക്ഷം. കൊട്ടിഘോഷിച്ചെത്തിയ MAGA ഗ്രൂപ്പിന് വലിയ വിമർശനമാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയരുന്നത്. യുഎസ് കോൺഗ്രസിലെ ഇരുസഭകളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികളെ കുറിച്ചും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നതിന് മുൻപാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നത്. ട്രംപിന്റെ വിശ്വസ്തരുടെ കൂട്ടായ്മയായ മേക്ക് അമേരിക്ക ഗ്രേറ്റർ എഗെയ്ൻ ഗ്രൂപ്പിലെ ഉന്നതരിൽ പലർക്കും സ്ഥാനചലനങ്ങൾ സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി ഹർമീത് ധില്ലൻ രാജി വച്ചത്. ട്രംപിന്റെ വിശ്വസ്തനും പ്രതിരോധ സെക്രട്ടറിയുമായ പീറ്റ് ഹെഗ്സെത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും വൈകാതെ ക്യാബിനറ്റിൽ നിന്ന് പുറത്താകുമെന്നാണ് റിപ്പോർട്ട്.
പ്രമുഖ വലതുപക്ഷ പോഡ്കാസ്റ്റർ മാറ്റ് വാൽഷ് ട്രംപിനെ കളിയാക്കി രംഗത്തെത്തിയതും മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ ഉൾപ്പെടെയുള്ളവർ തോൽവിയുടെ ഉത്തരവാദിത്തം ട്രംപിനാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയതും തിരിച്ചടിയുടെ ആഴം വർധിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ട്രംപ് ഇറാനുമായി തുടങ്ങിയ യുദ്ധവും ഇന്ധനവില വർദ്ധനവുമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള വിശ്വസ്തർ ചൂണ്ടിക്കാണിച്ചതും കനത്തി തിരിച്ചടിയായി.
കോൺഗ്രസിലെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതോടെ, ട്രംപിന്റെ കുടുംബാംഗങ്ങൾക്കും മാഗാ ഗ്രൂപ്പിലെ വിശ്വസ്തർക്കും എതിരായ അഴിമതി ആരോപണങ്ങളിൽ ഉടൻ പാർലമെന്ററി അന്വേഷണങ്ങളും സമൻസുകളും വരാനും സാധ്യതയുണ്ട്. ട്രംപ് യുഗം അവസാനിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപ് വിരുദ്ധ വിഭാഗം മേധാവിത്വത്തിന് ശ്രമിക്കുകയാണ്. 2028-ലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജെ.ഡി വാൻസ്, ടെഡ് ക്രൂസ്, മാർക്കോ റൂബിയോ തുടങ്ങിയ പുതിയ നേതാക്കളെ മുൻനിർത്തിയുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.









