Headlines

‘യുക്രെയ്ൻ മാത്രമല്ല, യൂറോപ്പ് മുഴുവൻ ഉൾപ്പെട്ടേക്കാം, ഇത് വലിയ കരാർ’; പുട്ടിന്റെ പ്രത്യേക പ്രതിനിധിയെ കണ്ട് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം യൂറോപ്പ് മുഴുവൻ ഉൾപ്പെടുന്ന സമാധാന കരാറിനായി റഷ്യയുമായി കൈകോർക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രത്യേക പ്രതിനിധിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ആതിഥേയത്വത്തിൽ വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ചയ്‌ക്കെത്തിയ റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രീവുമായിട്ടായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത കൂടിക്കാഴ്ച.

‘‘ഞങ്ങൾ എന്താണ് ചർച്ച ചെയ്തതെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. എന്നാൽ ഇതൊരു വലിയ കരാറായിരിക്കുമെന്ന് എനിക്ക് പറയാൻ കഴിയും’’– ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇത് വളരെ വലിയൊരു കരാറായിരിക്കും. യുക്രെയ്ൻ മാത്രമല്ല, ഒരുപക്ഷേ യൂറോപ്പ് മുഴുവൻ ഇതിൽ ഉൾപ്പെട്ടേക്കാം. എല്ലാവരെയും ആവേശഭരിതരാക്കുന്ന മനോഹരമായ ഒരു വലിയ കരാറായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, വ്യാഴാഴ്ച വൈറ്റ് ഹൗസിലുണ്ടായിരുന്ന യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസ്താവന യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ട്രംപ് റഷ്യൻ ഭരണകൂടത്തോട് കൂടുതൽ അടുക്കുകയാണെന്നും റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ യുക്രെയ്നു മേൽ ദോഷകരമായ കരാറുകൾ അടിച്ചേൽപ്പിച്ചേക്കുമെന്നുമാണ് യൂറോപ്പിന്റെ ഭയം. യൂറോപ്പിൽ നിന്നുള്ള യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് മുൻപ് സൂചന നൽകിയിട്ടുള്ള ട്രംപ്, ഭൂഖണ്ഡത്തിൽ യുഎസിന്റെ സ്വാധീനം കുറയ്ക്കണമെന്ന പുട്ടിന്റെ കടുത്ത ആവശ്യങ്ങൾക്ക് വഴങ്ങുമോ എന്നാണ് നാറ്റോ സഖ്യരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
2025 ജനുവരിയിൽ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മുൻപ് അദ്ദേഹം പ്രഖ്യാപിച്ച പല സമാധാന കരാറുകളും യാഥാർഥ്യമായിരുന്നില്ല.

അതിനിടെ, യുക്രെയ്നിൽ സുസ്ഥിരമായ വെടിനിർത്തൽ ഉണ്ടാകണമെന്ന് മെലാനിയ ട്രംപ് ആവശ്യപ്പെട്ടു. പട്ടിണിയിലായ യുക്രെയ്നിലെ ഒലെഷ്കി നഗരത്തിൽ കഴിഞ്ഞ മാസം പ്രഥമ വനിത മുൻകയ്യെടുത്ത് പ്രഖ്യാപിച്ച ആറ് ദിവസത്തെ പ്രാദേശിക വെടിനിർത്തൽ, ഈ വലിയ സമാധാന കരാറിലേക്കുള്ള ആദ്യ പടിയാകാമെന്ന് ഡോണാൾഡ് ട്രംപും പ്രത്യാശ പ്രകടിപ്പിച്ചു.