യുക്രെയ്ൻ യുദ്ധത്തിൽ വീണ്ടും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വൈകാതെ ചർച്ച നടക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം ഇന്ന് വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
വൊളോദിമിർ സെലൻസ്‌കിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഡോണൾഡ് ട്രംപ് രണ്ടു മണിക്കൂറോളം ഫോണിൽ ചർച്ച നടത്തിയത്. യുക്രെയ്ൻ വിഷയത്തിൽ അലാസ്‌കയിലെ ആങ്കറേജിൽ ഓഗസ്റ്റ് 15-ന് കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിലെ സംസാരം. ഗസ്സയിൽ വെടിനിർത്താനായത് യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നെന്ന് ട്രംപിന്റെ പ്രതികരണം.
രണ്ടാഴ്ചയ്ക്കുള്ളിൽ താനും പുടിനുമായി ഹംഗറി തലസ്ഥാനം ബുഡാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്‌ന് കൂടുതൽ സൈനിക സഹായം ആവശ്യപ്പെട്ടാണ് ഇന്ന് സെലൻസ്‌കി ട്രംപിനെ കാണുന്നത്. റഷ്യയിലെ സൈനികതാവളങ്ങൾ ലക്ഷ്യം വയ്ക്കുന്നതിന് അമേരിക്കൻ നിർമിത ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ സെലൻസ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടോമാഹോക്ക് മിസൈലുകൾ യുക്രെയ്‌ന് നൽകുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടോമാഹോക് മിസൈലുകളെപ്പറ്റിയുള്ള സംഭാഷണമാണ് റഷ്യയെ ചർച്ചകളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതെന്ന് സെലൻസ്‌കി പറഞ്ഞു.