ചങ്ങനാശേരി ∙ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം പൊലീസ് സ്റ്റേഷനെയും വിറപ്പിച്ചു. തിങ്കളാഴ്ച രാത്രി 7 മണിക്കൂർ ചങ്ങനാശേരി സ്റ്റേഷനിൽ നടന്നത് നാടകീയ രംഗങ്ങൾ. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ 3 പൊലീസുകാർക്ക് പരുക്കേറ്റു. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണു സംഭവം.അക്രമികളിൽ ഒരാൾ എസ്ഐയുടെ നെഞ്ച് കടിച്ചുപറിച്ചു. സംഘത്തെ പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലേക്ക് ഇവരുടെ കൂട്ടാളികൾ ഇരച്ചെത്തി. സമീപ സ്റ്റേഷനുകളിൽനിന്നു കൂടുതൽ പൊലീസുകാർ എത്തിയാണ് സുരക്ഷ ഒരുക്കിയത്. ചങ്ങനാശേരി ടൗണിലെ ബാറിലും കടയിലും ഉണ്ടായ ആക്രമണത്തിനു ശേഷം പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവം. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ ചെത്തിപ്പുഴ കാഞ്ഞിരത്തുവീട്ടിൽ സാജു ജോജോ (32), കുറിച്ചി വടക്കേകുട്ട വീട്ടിൽ മിഥുൻ തോമസ് (38) ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ചങ്ങനാശേരി പുത്തൻവീട്ടിൽ ജുബിൻ (33) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്ഷൻ ഇങ്ങനെ
ചങ്ങനാശേരി ടൗണിലെ ബാറിലാണ് ആദ്യം ആക്രമണം. തുടർന്ന് മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നു പൊലീസ് പറയുന്നു. ഇവരെ പിടികൂടുന്നതിനിടെ, എസ്ഐ അജിത്കുമാർ, സിപിഒ റിജോ മോൻ എന്നിവർക്ക് പരുക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസ് എത്തി സാഹസികമായാണ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ചത്.
സ്റ്റേഷൻ യുദ്ധക്കളം
സ്റ്റേഷനിലെത്തിച്ചിട്ടും പ്രതികൾ ആക്രമണം തുടർന്നു. കീഴടക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു. ഉപകരണങ്ങൾ തകർത്തു. മിഥുനെയും സാജുവിനെയും ഏറെ ശ്രമപ്പെട്ട് സെല്ലിൽ അടച്ചു. ജുബിനെ പുറത്തുനിർത്തി.
എന്നാൽ ലഹരി മൂത്ത മിഥുൻ കൂടെയുണ്ടായിരുന്ന സാജുവിനെ സെല്ലിനുള്ളിലിട്ട് ക്രൂരമായി മർദിക്കാൻ തുടങ്ങി. പൊലീസ് സെല്ലിൽ കയറി മിഥുനെ വിലങ്ങു വയ്ക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് എസ്ഐ റയ്നോൾഡിന്റെ നെഞ്ചിന്റെ ഭാഗം മിഥുൻ കടിച്ചുപറിച്ചതെന്ന് പൊലീസ് പറയുന്നു. ഈ സമയം ജുബിൻ സ്റ്റേഷനുള്ളിൽ ആക്രമണം നടത്തിയെന്നും ഉച്ചത്തിലുള്ള അസഭ്യംവിളി തുടർന്നെന്നും പൊലീസ്.
ഗുണ്ടാസംഘത്തെ പിടികൂടിയതറിഞ്ഞ് കൂട്ടാളികൾ രാത്രി 12നു സ്റ്റേഷൻ പരിസരത്ത് എത്തി. ഇവരെ പൊലീസ് വിരട്ടിയോടിച്ചു. തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ നിന്നായി 30 പൊലീസുകാർ പുലർച്ചെ വരെ സ്റ്റേഷനിലുണ്ടായിരുന്നു. ഡിവൈഎസ്പി ആഷാദിന്റെ നേതൃത്വത്തിൽ സി.ഐ.അനിൽ ജോർജ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐമാരായ ആശ, സെയ്നി സെബാസ്റ്റ്യൻ, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
കീഴിൽ എന്തിനും തയാറായി ചെറുപ്പക്കാരുടെ നീണ്ടനിരയുണ്ട്. മിഥുനെയും സാജുവിനെയും സ്റ്റേഷനിലെത്തിച്ചത് അറിഞ്ഞ് ഒട്ടേറെ പേരാണ് എത്തിയത്. കേസുകളിൽ ഉൾപ്പെട്ടാൽ ഉടനെ പുറത്തെത്തിക്കാൻ അഭിഭാഷകരുമുണ്ട്. കേസുകളിൽപെട്ടാൽ ‘മുകളിൽനിന്നു’ വിളിയെത്തും. ഇന്നലെയും വിളികളെത്തിയെങ്കിലും പൊലീസ് കേസെടുക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നു








