Headlines

കടക്കാരന് നൽകാൻ കയ്യിൽ പണമില്ല; തൊട്ടടുത്ത നിമിഷം കോടീശ്വരൻ, ജീവിതം മാറ്റിയത് പഴ്സിലെ ഭാഗ്യം

ഷിക്കാഗോ∙ ശീതളപാനീയം വാങ്ങാൻ കടയിലെത്തിയപ്പോൾ കയ്യിൽ ആവശ്യത്തിന് പണമില്ലാതിരുന്നത് ഒടുവിൽ ഒരാളെ കോടീശ്വരനാക്കി! സ്വന്തം പഴ്സിൽ രണ്ടുമാസത്തോളം പത്തുലക്ഷം ഡോളറിന്റെ ലോട്ടറി ടിക്കറ്റുമായി നടന്നിട്ടും അതറിയാതെ പോയ അമേരിക്കയിലെ മിഷിഗൻ സ്വദേശിയുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കയ്യിലുള്ള പണം തീർന്നതോടെ പഴയ ലോട്ടറി ടിക്കറ്റുകൾ പരിശോധിക്കാൻ ഇടയാക്കിയതാണ് മൈക്കൽ വാൻഡർ ലുഗ്റ്റിന്റെ (54) ജീവിതം മാറ്റിമറിച്ചത്.മിഷിഗണിലെ കെന്റ് കൗണ്ടിയിലുള്ള വയോമിങ് നഗരത്തിൽ താമസിക്കുന്ന മൈക്കിളിന് ഓഗസ്റ്റ് എട്ടിന് നടന്ന പവർബോൾ നറുക്കെടുപ്പിൽ വാങ്ങിയ ടിക്കറ്റിലൂടെയാണ് ഒരു മില്യൻ ഡോളർ (ഏകദേശം 8.8 കോടി രൂപ) സമ്മാനം ലഭിച്ചത്. എന്നാൽ സമ്മാനവിവരം അദ്ദേഹം അറിഞ്ഞത് ഏകദേശം രണ്ടുമാസത്തിനുശേഷമാണ്. ഒക്ടോബർ 28നാണ് മിഷിഗൻ ലോട്ടറി അധികൃതർ ഈ കൗതുകകരമായ സംഭവം പുറത്തുവിട്ടത്.ഒരു ദിവസം ശീതളപാനീയം വാങ്ങാനായി സമീപത്തെ കടയിലെത്തിയപ്പോഴാണ് മൈക്കിളിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. പാനീയത്തിന്റെ വില നൽകാൻ ശ്രമിച്ചപ്പോഴാണ് കൈവശമുള്ള പണം മതിയാകില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയത്. ബാങ്ക് കാർഡ് ഉപയോഗിക്കുന്നതിനുപകരം പഴ്സിൽ സൂക്ഷിച്ചിരുന്ന ചില പഴയ പവർബോൾ ടിക്കറ്റുകൾ കടയിലെ ജീവനക്കാരിക്ക് കൈമാറി. ആ ടിക്കറ്റുകൾക്ക് ചെറിയ സമ്മാനത്തുക ലഭിച്ചിട്ടുണ്ടാകാമെന്നും അവ പരിശോധിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് ശീതളപാനീയത്തിന്റെ വില നൽകാമെന്നുമായിരുന്നു മൈക്കിളിന്റെ കണക്കുകൂട്ടൽ.

എന്നാൽ ടിക്കറ്റുകൾ ഓരോന്നായി സ്കാൻ ചെയ്ത ജീവനക്കാരിക്ക് അപ്രതീക്ഷിതമായ സന്ദേശമാണ് ലഭിച്ചത്. ഒരു ടിക്കറ്റിന്റെ സമ്മാനത്തുക കൈപ്പറ്റാൻ ലോട്ടറി ഓഫിസിൽ നേരിട്ട് അപേക്ഷിക്കണമെന്ന നിർദേശമാണ് സ്കാനറിൽ തെളിഞ്ഞത്. ഇതോടെ സംശയം തോന്നിയ മൈക്കിൾ കടയിൽനിന്ന് പുറത്തിറങ്ങി കാറിലെത്തി. തുടർന്ന് അന്നത്തെ പവർബോൾ നറുക്കെടുപ്പിന്റെ വിജയനമ്പറുകൾ പരിശോധിച്ചു.നമ്പറുകൾ കണ്ടതോടെ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ടിക്കറ്റിലെ അഞ്ച് നമ്പറുകളും നറുക്കെടുപ്പിലെ വിജയനമ്പറുകളുമായി കൃത്യമായി പൊരുത്തപ്പെട്ടിരുന്നു. ഇതോടെ ഒരു മില്യൻ ഡോളറിന്റെ സമ്മാനത്തിന് താൻ അർഹനായെന്ന് മൈക്കിൾ തിരിച്ചറിഞ്ഞു.

ഓഗസ്റ്റ് എട്ടിന് നടന്ന പവർബോൾ നറുക്കെടുപ്പിൽ വിജയിച്ച അഞ്ച് വെള്ള പന്തുകളുടെ നമ്പറുകൾ 05, 09, 35, 54, 63 എന്നിവയായിരുന്നു. മൈക്കിളിന്റെ ടിക്കറ്റിലും ഇതേ നമ്പറുകളാണുണ്ടായിരുന്നത്. മിഷിഗനിലെ വയോമിങ് നഗരത്തിലുള്ള ബിഗ് ടോപ്പ് മാർക്കറ്റിൽനിന്നാണ് അദ്ദേഹം ഈ ഭാഗ്യടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വാങ്ങിയശേഷം മറ്റ് ലോട്ടറി ടിക്കറ്റുകൾക്കൊപ്പം പഴ്സിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല.

സമ്മാനം കണ്ടെത്തുകയും ചെയ്തു.

പലപ്പോഴും ചെറിയ സംഭവങ്ങളാണ് ജീവിതത്തിലെ വലിയ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണമാകുന്നതെന്നതിന്റെ കൗതുകകരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് മൈക്കിളിന്റെ അനുഭവം. ഒരു ശീതളപാനീയം വാങ്ങാൻ പണമില്ലാതെ കടയിലെത്തിയ മൈക്കിൾ അവിടെനിന്ന് മടങ്ങിയത് രണ്ടുമാസമായി സ്വന്തം പഴ്സിൽ ഒളിഞ്ഞുകിടന്ന പത്തുലക്ഷം ഡോളറിന്റെ ഭാഗ്യം തിരിച്ചറിഞ്ഞുകൊണ്ടാണ്.