Headlines

വിവാഹ വേദിയിൽ മൻസൂർ അലിഖാന് അപമാനം, ദേവയാനിക്കും മകൾക്കും സംഭവിച്ചത്; വാസ്തവം

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ ക്യാപ്റ്റൻ വിജയകാന്തിന്റെ കുടുംബത്തിലെ വിവാഹ സൽക്കാര ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു. ചടങ്ങിനെത്തിയ മുതിർന്ന ചലച്ചിത്ര താരങ്ങളെ വേദിയിൽ വേണ്ടവിധം പരിഗണിച്ചില്ലെന്നും വധുവും കുടുംബാംഗങ്ങളും അതിഥികളോട് ബഹുമാനമില്ലാതെ പെരുമാറിയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. നടി ദേവയാനി, നടൻ മൻസൂർ അലി ഖാൻ എന്നിവർക്ക് കടുത്ത ദുരനുഭവം നേരിട്ടുവെന്നായിരുന്നു പ്രചാരണം.

വിജയകാന്തിന്റെ ഭാര്യാസഹോദരനും രാജ്യസഭാ എംപിയുമായ എൽ.കെ. സുദീഷിന്റെ മകൾ ഡോ. ജാനു ശ്രീയുടെ വിവാഹ സൽക്കാര ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചെന്നൈ നീലാങ്കരയിലെ ആർ.കെ. കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. മക്കൾക്കൊപ്പം വധൂവരന്മാരെ ആശംസിക്കാനായി വേദിയിലെത്തിയ നടി ദേവയാനി, വിഐപികളുടെ വരവുണ്ടാക്കിയ തിരക്കിനിടയിൽ പെട്ട് അസ്വസ്ഥയാകുന്ന വിഡിയോയാണ് ആദ്യം വൈറലായത്. മക്കളുമായി ഏറെ ബുദ്ധിമുട്ടിയാണ് തിരക്കിനിടയിൽ നിന്നും നടി രക്ഷപ്പെടുന്നതും.

തുടർന്ന് വിവാഹ വേദിയിൽ കാത്തുനിൽക്കുകയായിരുന്ന ദേവയാനിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതും, തുടർന്നുണ്ടായ ഉന്തും തള്ളും താരത്തെ വീണ്ടും ചൊടിപ്പിച്ചു. “വഴി വിടൂ” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് പെൺ മക്കളെയും കൂട്ടി ദേവയാനി ക്ഷുഭിതയായി വേദി വിട്ടിറങ്ങുകയായിരുന്നു. വരനും വധുവിനും ആശംസകൾ നേരാതെ മടങ്ങുന്ന ദേവയാനിയുടെ വിഡിയോ വളരെ പെട്ടന്ന് വൈറലായി.

ദേവയാനി വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് നടൻ മൻസൂർ അലി ഖാന്റെ വിഡിയോ പുറത്തുവന്നത്. വിജയകാന്തുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മൻസൂർ അലി ഖാൻ, വധൂവരന്മാർക്ക് നൽകാനായി കയ്യിൽ പൂച്ചെണ്ടുമായാണ് വേദിയിലെത്തിയത്. എന്നാൽ, പിതാവ് എൽ.കെ. സുദീഷുമായി സംസാരിച്ചുകൊണ്ടിരുന്ന വധു താരത്തെ ശ്രദ്ധിക്കുകയോ പൂച്ചെണ്ട് വാങ്ങുകയോ ചെയ്തില്ലെന്നായിരുന്നു ആരോപണം.

യഥാർഥത്തിൽ മൻസൂർ വേദിയിലെത്തിയ ശേഷമുള്ള പകുതി വിഡിയോ അടർത്തിയെടുത്താണ് വധുവിനെതിരെ തെറ്റായ രീതിയിൽ ആരോപണം പ്രചരിപ്പിച്ചത്. മൻസൂർ അലിഖാനെ സന്തോഷത്തോടെ സ്വീകരിക്കുന്ന വധുവിനെ മറ്റൊരു വിഡിയോയിൽ കാണാം. ഈ രണ്ട് വിഡിയോകളും വൈറലായതോടെ വധുവിനും പിതാവ് എൽ.കെ. സുദീഷിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയര്‍ന്നത്.

കൃത്യമായൊരു സംഘാടനം വിവാഹവേദിയിൽ ഉണ്ടായില്ല എന്നത് സത്യമാണ്. പിന്നീട് വന്ന നിരവധി താരങ്ങൾ അവഗണന നേരിട്ടുവെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. ക്ഷണിച്ചുവരുത്തിയ അതിഥികളോട്, പ്രത്യേകിച്ച് മുതിർന്ന കലാകാരന്മാരോട് വധുവും കുടുംബവും കാണിച്ചത് അടിസ്ഥാന മര്യാദയുടെ ലംഘനമാണെന്ന് പലരും കുറ്റപ്പെടുത്തുന്നു. സെലിബ്രിറ്റികൾക്ക് കൃത്യമായ സുരക്ഷ ഒരുക്കേണ്ടിയിരുന്നുവെന്നും യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് വിവാഹം നടത്തിയതെന്നും അഭിപ്രായമുയരുന്നുണ്ട്.

ആര് വീട്ടിൽ വന്നാലും സ്നേഹത്തോടെ സ്വീകരിക്കുകയും ഭക്ഷണം നൽകാതെ വിടാതിരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ക്യാപ്റ്റൻ വിജയകാന്ത്. അദ്ദേഹത്തിന്റെ അഭാവത്തിൽ കുടുംബത്തിലെ ഒരു ചടങ്ങിൽ സഹപ്രവർത്തകയായ ദേവയാനിക്കും മറ്റു സഹപ്രവർത്തകർക്കും ഇത്തരമൊരു അനുഭവം ഉണ്ടായത് വേദനാജനകമാണെന്ന് ആരാധകർ കുറിക്കുന്നു.

സംഭവത്തിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, വേദിയിലുണ്ടായ തിരക്കിനെക്കുറിച്ചോ പ്രചരിക്കുന്ന വിഡിയോകളെക്കുറിച്ചോ എൽ.കെ. സുദീഷിന്റെ കുടുംബമോ താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.