ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വിലക്കു ലംഘിച്ചു മുന്നോട്ടുപോയ 2 എണ്ണക്കപ്പലുകൾക്കു സ്ഫോടനത്തിൽ തീപിടിച്ചു. അനധികൃതപാതയിൽ സഞ്ചരിച്ചപ്പോൾ കടൽബോംബിൽ തട്ടിയാണു സ്ഫോടനമുണ്ടായതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് പറഞ്ഞു.
യുഎസിൽ ഇന്നു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം പുനരാരംഭിക്കുമെന്ന ആശങ്കയ്ക്കിടെ, ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസ്–ഇറാൻ ചർച്ച തുടരുന്നു. ചർച്ച വിജയിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര എണ്ണവില 4% കുറഞ്ഞു. ഇറാനിൽ വീണ്ടും ആക്രമണം പാടില്ലെന്നു വ്യക്തമാക്കി ചൈനയും റഷ്യയും രംഗത്തുവന്നിട്ടുണ്ട്. ചർച്ചയിൽ ധാരണയാവുന്നതിനെക്കാൾ സാധ്യത യുഎസ് ആക്രമണത്തിനാണെന്ന് ഇറാൻ കരുതുന്നതായും റിപ്പോർട്ടുണ്ട്.
∙ ഹോർമുസ് പ്രതിസന്ധിയിലും എണ്ണക്കയറ്റുമതിയിൽ കുതിപ്പ്
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾക്കിടയിലും യുഎഇയുടെ എണ്ണക്കയറ്റുമതി യുദ്ധത്തിനു മുൻപുണ്ടായിരുന്നതിലും കൂടിയതായി ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു. പ്രതിസന്ധിക്കാലത്ത് ആഗോള വിപണിയിലേക്കുള്ള എണ്ണവിതരണം മുടങ്ങാതിരിക്കാൻ ഫുജൈറയിലേക്കുള്ള പൈപ്ലൈനും കപ്പലുകളും നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിലെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. എന്നാൽ, ഏതു കാലയളവിലാണ് കയറ്റുമതി യുദ്ധത്തിനു മുൻപത്തെക്കാൾ കൂടിയതെന്നോ അളവ് എത്രയായിരുന്നെന്നോ മന്ത്രി വ്യക്തമാക്കിയില്ല. മറ്റു രാജ്യങ്ങളിൽനിന്നുള്ള വിതരണം കുറഞ്ഞപ്പോൾ ആ കുറവ് നികത്താൻ യുഎഇക്ക് കഴിഞ്ഞെന്നും ചില രാജ്യങ്ങൾക്ക് ആവശ്യത്തിലധികം എണ്ണ നൽകാനായെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ വില അമിതമായി ഉയരാതിരിക്കാനും യുഎഇ ശ്രമിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ക്ലെപ്ലർ കണക്കുകൾ പ്രകാരം ജൂണിൽ യുഎഇ പ്രതിദിനം 39.4 ലക്ഷം ബാരൽ ക്രൂഡോയിലും കണ്ടൻസേറ്റും കയറ്റുമതി ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെത്തുടർന്ന് മാർച്ചിൽ കയറ്റുമതി പ്രതിദിനം 21.3 ലക്ഷം ബാരലായി കുറഞ്ഞിരുന്നു.
ഹബ്ഷാൻ–ഫുജൈറ പൈപ്ലൈനാണ് പ്രതിസന്ധിക്കാലത്ത് എണ്ണ കയറ്റുമതി തുടരാൻ യുഎഇയെ സഹായിച്ചത്. പ്രതിദിനം 15 ലക്ഷം ബാരൽ ക്രൂഡോയിൽ ശേഷിയുള്ള പൈപ്ലൈൻ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഫുജൈറ തുറമുഖം വഴി എണ്ണ കയറ്റുമതി ചെയ്യാൻ സഹായിക്കുന്നു. പൈപ്ലൈനിന്റെ ശേഷി ഇരട്ടിയാക്കാനുള്ള പദ്ധതി 2027ൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.









