Headlines

എംഎൽസി ഫലം: ഷിൻഡെ പാലം വലിച്ചെന്ന് ബിജെപി, തർക്കം രൂക്ഷം; കോൺഗ്രസ് ക്യാംപിൽ ആവേശം

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ മുന്നണിയിൽ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും തമ്മിൽ വിഴുപ്പലക്കൽ. 5 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് 2 സീറ്റ് ആണ് നേടാനായത്.
കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷസഖ്യം 3 സീറ്റിൽ ജയിച്ചു നേട്ടമുണ്ടാക്കി. 2 സീറ്റിൽ എൻഡിഎ പരാജയപ്പെടാൻ കാരണം സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം പാലം വലിച്ചതാണെന്ന് ചില ബിജെപി നേതാക്കൾ പരസ്യമായി ആരോപിച്ചു. ശക്തമായ മറുപടിയുമായി ഷിൻഡെ വിഭാഗം നേതാക്കളും രംഗത്തെത്തി. ഘടകകക്ഷിയായ എൻസിപി അജിത് പക്ഷത്തിന് ഒരു സീറ്റുപോലുമില്ലാതെ വന്നതും എൻഡിഎയ്ക്ക് ക്ഷീണമായി.

പുണെയിൽ ബിരുദ ക്വോട്ടയിലുള്ള ബിജെപി സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിനു പകരം സ്വന്തം പാർട്ടിയുടെ വിമത സ്ഥാനാർഥിക്കാണ് ശിവസേന ഷിൻഡെ വിഭാഗം പിന്തുണ നൽകിയത്. ഷിൻഡെ പക്ഷത്തിന്റെ എതിർപ്പ് മറികടന്ന് ബിജെപി തന്നെ വിജയിച്ചെങ്കിലും മുന്നണി ബന്ധത്തിൽ പ്രാദേശിക തലത്തിൽ ഉലച്ചിലിന് കാരണമായി. തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി (ഷിൻഡെ വിഭാഗം) എത്രമാത്രം സഹകരിച്ചിട്ടുണ്ടെന്ന കാര്യം പരിശോധിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.

ബിജെപി സംസ്ഥാന വക്താക്കളും ഷിൻഡെ പക്ഷത്തിനു നേരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ കഴിവുകൊണ്ടല്ല അവർ മൂന്നിടത്തു ജയിച്ചതെന്നും എൻഡിഎയിലെ ‘ചില വിഷയങ്ങൾ’ അവർക്കു നേട്ടമായി മാറുകയായിരുന്നെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കേശവ് ഉപാധ്യായ പറഞ്ഞു. ഒൗറംഗാബാദിൽ എൻസിപി അജിത് പക്ഷത്തെ സ്ഥാനാർഥിയെയാണ് എൻ‍ഡിഎ മത്സരിപ്പിച്ചത്. അവിടെ മുന്നണി സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിനു പകരം എതിർപക്ഷമായ ശരദ് പവാറിന്റെ എൻസിപി സ്ഥാനാർഥിക്കായാണ് ശിവസേന ഷിൻഡെ പക്ഷത്തെ മന്ത്രി അബ്ദുൽ സത്താർ പ്രചാരണം നടത്തിയതെന്ന് ബിജെപി േനതാക്കൾ ആരോപിച്ചു.

എന്നാൽ, സ്ഥാനാർഥി നിർണയത്തിലെയും പ്രചാരണത്തിലെയും പാളിച്ചകളാണ് ബിജെപിയുടെ പരാജയത്തിനു കാരണമായതെന്നും തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമമെന്നും ഷിൻഡെ വിഭാഗം പ്രതികരിച്ചു. അതിനിടെ, ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുർ സീറ്റിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് കോൺഗ്രസ് ക്യാംപിൽ ആവേശം പകർന്നു. മത്സരിച്ച 2 സീറ്റിലും ജയിച്ച് എൻസിപി ശരദ് പവാർ പക്ഷം മിന്നുന്ന ജയം നേടിയതും പ്രതിപക്ഷത്തിന്റെ കരുത്തു കൂട്ടി. പാർട്ടി പിളർന്ന ശേഷം ആദ്യമായാണ് ശരദ് പവാറിന്റെ പാർട്ടി ഒരു തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുന്നത്. വോട്ട് മോഷണം സംബന്ധിച്ച വിവാദങ്ങൾ, ജെൻ സീ പ്രക്ഷോഭം, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നിവയടക്കമുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചതായി പ്രതിപക്ഷ മുന്നണി നേതാക്കൾ പറഞ്ഞു.