Headlines

സർജറി ബ്ലോക്കിൽ ഇൻജറി പേടിക്കണം; മെഡിക്കൽ കോളജ് കെട്ടിടഭാഗങ്ങൾ തലയിൽ വീഴാം

കോട്ടയം∙ പുറമേ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടം, അകത്ത് നിർമാണപ്പിഴവുകളുടെ പെരുമഴ; സർജിക്കൽ ബ്ലോക്കിനെതിരെ പരാതികളുടെ കൂമ്പാരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉപയോഗയോഗ്യമല്ലെന്ന് വ്യാപക പരാതി. കിഫ്ബി ഫണ്ടിൽ നിന്ന് 259 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടമാണ്. 7 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ ഭാഗങ്ങൾ തകർന്നുവീഴുന്നതു പതിവ്.

സൗകര്യങ്ങളില്ല
ശുചിമുറി ഗംഭീരമാണെങ്കിലും ഉപയോഗിക്കാനാവില്ല. ശുചിമുറികളിൽ പലതിലും ഫ്ലഷ് ടാങ്കില്ല, വാതിലുകൾ അടയ്ക്കാനോ കുറ്റിയിടാനോ കഴിയില്ല. ചിലതിൽ ക്ലോസറ്റിനൊപ്പം ഫ്ലഷ് ടാങ്കിനു പകരം പ്ലാസ്റ്റിക് പൈപ്പ് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ചില ശുചിമുറികളിൽ ക്ലോസറ്റേയില്ലെന്നും പരാതി. ശുചിമുറികളുടെ വെന്റിലേഷൻ വളരെ ഉയരത്തിലായതിനാൽ ആവശ്യത്തിന് വായുസഞ്ചാരമില്ല. ഇതുമൂലം ദുർഗന്ധവും ശ്വാസംമുട്ടലും അനുഭവപ്പെടുന്ന‌ു. എക്സോസ്റ്റ് ഫാനുകളില്ല. വാതിലുകൾക്ക് ശരിയായ ലോക്കിങ് സംവിധാനമില്ല.

കഴിഞ്ഞ ദിവസം റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ച സമയത്ത് കോൺക്രീറ്റും ഹോളോബ്രിക്സും അടർന്നുവീണിരുന്നു. നിർമാണത്തിലെ അപാകതകൾ സ്വതന്ത്ര സാങ്കേതിക വിദഗ്ധരെക്കൊണ്ട് പരിശോധിച്ച് പരിഹരിക്കണമെന്നും കരാർ വ്യവസ്ഥകളും നിർമാണത്തിന്റെ ഗുണനിലവാരവും പദ്ധതിച്ചെലവും പരിശോധിക്കണമെന്നുമാണ് പൊതുആവശ്യം. ആരോപണങ്ങളിൽ ബന്ധപ്പെട്ട അധികൃതരുടെയും നിർമാണ ഏജൻസിയുടെയും വിശദീകരണം സർക്കാരിന് ലഭ്യമായിട്ടില്ലെന്നും അറിയുന്നു.