Headlines

ഗ്യാനേഷിന് എതിരെ ഇന്ത്യാസഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ഇന്ന്

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം പാർട്ടികൾ ഇന്ന് ‘ജനകീയ കുറ്റവിചാരണ’ നടത്തും. വൈകിട്ടു 4ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടക്കുന്ന പരിപാടിയിൽ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ നടപടികൾ നിയന്ത്രിക്കും. എംപിമാർ, പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (എസ്ഐആർ) വോട്ടവകാശം നഷ്ടപ്പെട്ടവർ എന്നിങ്ങനെ 400 പേർ പങ്കെടുക്കും. വോട്ടെടുപ്പിനുശേഷം, ഗ്യാനേഷിനെ പുറത്താക്കിയെന്നു പ്രഖ്യാപിക്കും.

അതേസമയം, പാർലമെന്റ് നടപടികളെ അനുകരിക്കുന്ന ‘മോക്ക് പാർലമെന്റ്’ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നു നേതാക്കൾ അറിയിച്ചു. ഇതോടെ, ഭരണപക്ഷത്തെ പ്രതിനിധീകരിക്കുന്ന ട്രഷറി ബെഞ്ചിന്റെ പ്രതീകാത്മക സാന്നിധ്യം കുറ്റവിചാരണയിൽ ഉണ്ടാകില്ല. ഗ്യാനേഷിനെ കുറ്റവിചാരണ ചെയ്തുനീക്കാൻ ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ഇന്ത്യാസഖ്യം ശ്രമിച്ചിരുന്നു. ഏപ്രിൽ 24ന് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടിസിൽ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ആദ്യം നൽകിയ നോട്ടിസ് ലോക്സഭയിലും രാജ്യസഭയിലും നടപടികളിലേക്കു കടക്കാതെ തള്ളി. നവംബർ 1ന് രാംലീല മൈതാനിയിൽ ഇന്ത്യാസഖ്യം ഗ്യാനേഷിനെതിരെ മഹാറാലി നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.