കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ് പ്രതിഭാഗം വാദിച്ചത്. സുഹൈല്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും ശക്തമായി വാദിച്ചു. മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു. (Nedumbassery accident: No bail for Suhail)
നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനമോടിച്ച സുഹൈൽ സജീവ്, കാറിൽ ഒപ്പമുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. സുഹൈൽ സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്ന ആളാണെന്നും ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പൊലീസ് നിലപാട് കോടതി ശെരിവെച്ചു. അപകടം നടന്നതിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച വാട്സ്ആപ്പ് ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. സുഹൈൽ നന്നായി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും, മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും ശബ്ദരേഖയിൽ ഉണ്ടായിരുന്നു.
ഇതടക്കം പരിശോധിച്ചാണ് ജാമ്യഹർജി തള്ളിയത്. അതേസമയം എഫ്.ഐ.ആറിൽ പ്രതികളുടെ പേര് പറയുന്നില്ലെന്നും, തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ അഡീഷ്യൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഒക്ടോബർ 11 ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അമിതവേഗതിയിൽ സുഹൈൽ ഓടിച്ച കാർ ഇടിച്ച് മൂന്ന് പേർ മരിച്ചത്. പ്രതികൾ ഉടൻ ഹൈകോടതിയെ സമീപിക്കും.







