പുത്തൂർ ∙ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ പൂത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർക്ക്. പടിഞ്ഞാറേ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ ജി.ജയനാണ് ഭാഗ്യവാൻ. എസ്പി 760709 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറ്റുവാശേരി സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള പുത്തൂർ ശ്രീമൂകാംബിക ലക്കി സെന്ററിൽ നിന്നാണ് ജയൻ ടിക്കറ്റെടുത്തത്. പതിവായി ലോട്ടറി എടുക്കാറുണ്ട്. മുൻപ് 50,000 രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ ജയൻ മാതാപിതാക്കളോടൊപ്പമാണ് താമസം. വായ്പയെടുത്തു വാങ്ങിയതാണ് ഓട്ടോറിക്ഷ. സമ്മാനത്തുക ലഭിച്ചാൽ കടം തീർക്കണം എന്നതിനാണ് ആദ്യ പരിഗണന. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് പുത്തൂർ ശാഖയിൽ ഏൽപിച്ചു.പോയ വർഷം ഒക്ടോബറിലായിരുന്നു ഇതിനു മുൻപ് പുത്തൂരിനെ ഭാഗ്യം കടാക്ഷിച്ചത്. അന്നും സ്ത്രീശക്തി ലോട്ടറിയിലൂടെയാണ് ഭാഗ്യദേവത പുത്തൂരിലെത്തിയത്. പുല്ലാമല സ്വദേശിയായ ഡ്രൈവറായിരുന്നു അന്നത്തെ ഭാഗ്യവാൻ. അതിന് 6 മാസം മുൻപ് ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനവും പുത്തൂർ സ്വദേശിക്കായിരുന്നു. കഴിഞ്ഞ 16 വർഷത്തിനുള്ളിൽ പുത്തൂരിനു ലഭിക്കുന്ന 17–ാമത്തെ ഒന്നാം സമ്മാനമാണ് ഇത്തവണ ലഭിച്ചത്. ഇതിൽ 3 എണ്ണം ഒഴികെ ബാക്കിയെല്ലാം മൂകാംബിക ലക്കി സെന്ററിൽ നിന്നു തന്നെ വിറ്റ ടിക്കറ്റുകളായിരുന്നു! 2015ആയിരുന്നു പുത്തൂരിന്റെ ഭാഗ്യവർഷം. 3 ഒന്നാം സമ്മാനങ്ങൾ ആ വർഷം മാത്രം പുത്തൂരിനു ലഭിച്ചു. 2023ലും കഴിഞ്ഞ വർഷവും 2 ഒന്നാം സമ്മാനങ്ങളും ലഭിച്ചു.
പുത്തൂരിലെ ഓട്ടോഡ്രൈവർക്ക് ഒരു കോടിയുടെ ഭാഗ്യലോട്ടറി; പുത്തൂരിന് ലഭിക്കുന്ന 17–ാമത്തെ ഒന്നാം സമ്മാനം








