സ്വർണവില കേരളത്തിൽ ഇന്നും കുതിച്ചുയർന്നു. രാജ്യാന്തരവിലയും വർധിച്ചെങ്കിലും പിന്നാലെ താഴേക്കുള്ള പ്രയാണം തുടങ്ങി. ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിലും വില ഉടൻ താഴ്ന്നിറങ്ങാനാണ് സാധ്യത.
കേരളത്തിൽ സ്വർണവില ഇന്നു രാവിലെ ഗ്രാമിന് 60 രൂപ ഉയർന്ന് 13,195 രൂപയിലെത്തി. 480 രൂപ ഉയർന്ന് 1,05,560 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,800 രൂപ. ഏറെക്കാലമായി വെള്ളിവില മാറ്റമില്ലാതെ തന്നെ തുടരുന്നു; വില ഗ്രാമിന് 220 രൂപ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കും. പലിശനിരക്ക് കൂട്ടിയേക്കില്ലെന്ന വിലയിരുത്തൽ രാജ്യാന്തര സ്വർണവിലയെ ഔൺസിന് 4070 ഡോളറിലേക്ക് ഉയർത്തിയിരുന്നു. എന്നാൽ, സൗദി അറേബ്യയ്ക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഇസ്രയേലിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് നിൽക്കുന്ന അനിശ്ചിതത്വവും ക്രൂഡോയിൽ വില വീണ്ടും കൂടാനിടയാക്കി. പിന്നാലെ ഡോളറും കരുത്തുനേടി.
ഇതോടെ രാജ്യാന്തര സ്വർണവില 4043 ഡോളറിലേക്ക് താഴ്ന്നു. രാജ്യാന്തര സ്വർണവില കുറഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ഗ്രാമിന് 100 രൂപയിലധികവും പവന് 800 രൂപയ്ക്കുമേലും കൂടുമായിരുന്നു. നിലവിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിലും വില കുറയുമെന്നാണ് വിലയിരുത്തലുകൾ.









