തിരുവനന്തപുരം ∙ വിവാദമായ ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽ ഏഴാംസ്ഥാനത്തായിരുന്ന സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിൽ പിഎസ്സി നൽകിയത് ഏറ്റവും ഉയർന്ന മാർക്ക്. സിപിഎം സംസ്ഥാനസമിതി മുൻ അംഗവും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മുൻ മാനേജരും കെഎസ്എഫ്ഇ മുൻ ചെയർമാനുമായ കെ.വരദരാജന്റെ മകൻ ശരത് വി.രാജിനാണ് പിഎസ്സി ചെയർമാൻ എം.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് ഏറ്റവും ഉയർന്ന മാർക്ക് നൽകിയത്.
എന്നാൽ, പരീക്ഷയിൽ മാർക്ക് കുറവായതിനാൽ അന്തിമ റാങ്ക്പട്ടികയിൽ ആറാം റാങ്കേ ശരത്തിനു നേടാനായുള്ളൂ. പാർട്ടി ബന്ധമുള്ളവർക്ക് അഭിമുഖസംഘം ഇത്തരത്തിൽ വാരിക്കോരി മാർക്ക് നൽകി പരീക്ഷയെത്തന്നെ അട്ടിമറിക്കുന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുന്നത്.
മാർക്കുതട്ടിപ്പു വിവാദമായതോടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തുകയും പുതിയ റാങ്ക്പട്ടിക കഴിഞ്ഞ് 9ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലും ശരത്തിന് ആറാം റാങ്കു തന്നെ. 40.62 മാർക്കാണ് ശരത്തിന് എഴുത്തുപരീക്ഷയിൽ കിട്ടിയത്. റാങ്ക്പട്ടികയിലെ 10 പേരിൽ ഒന്നാം റാങ്കുകാരനായ കെ.ശ്യാംകൃഷ്ണനു പരീക്ഷയ്ക്കു കിട്ടിയ മാർക്ക് 59.5. അഭിമുഖത്തിനു നൽകിയതാകട്ടെ 19 മാർക്കും. 2 പേർക്ക് 16 മാർക്കും 5 പേർക്ക് 18 മാർക്കും ശരത് അടക്കം 2 പേർക്ക് 23 മാർക്കും അഭിമുഖത്തിനു ലഭിച്ചു.









