Headlines

സ്കൂൾ പി.ടി.എ.യുടെ പേരിൽ ലക്കി കൂപ്പൺ പണപ്പിരിവ്; പരാതിയുമായി രക്ഷിതാക്കൾ

തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.യുടെ പേരിൽ ലക്കി കൂപ്പൺ അടിച്ചു നൽകി നിർബന്ധിത പണപ്പിരിവെന്ന് പരാതി. ഒരു വിദ്യാർത്ഥി 500 രൂപ ഇത്തരത്തിൽ പിരിച്ചു നൽകണം. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള പണപ്പിരിവിനെതിരെ
രക്ഷകർത്താക്കൾ പരാതിയുമായെത്തി. ട്വൻ്റി ഫോർ വാർത്തയ്ക്ക് പിന്നാലെ സ്കൂൾ അധികൃതർ പണപ്പിരിവ് നിർത്തി. കൂപ്പണുകൾ കുട്ടികളിൽ നിന്ന് തിരികെ വാങ്ങുമെന്ന് എച്ച് എം ജ്യോതിലാൽ പറഞ്ഞു.

സ്കൂൾ കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്താൻ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം നിലനിൽക്കവെയാണ് വർക്കല ഗവൺമെൻറ് ഹൈസ്കൂൾ പി.ടി.എ.യുടെ ലക്കി കൂപ്പൺ പിരിവ്. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായിട്ടായിരുന്നു പണപ്പിരിവ്. 20 രൂപയുടെ 25 കൂപ്പണുകൾ അടങ്ങുന്ന റസിപ്റ്റ് ബുക്ക് അച്ചടിച്ച് കുട്ടികൾക്ക് നൽകി. ഒരു വിദ്യാർത്ഥി 500 രൂപ ഇത്തരത്തിൽ പിരിച്ചു നൽകണം. കൂപ്പണിനു പുറമേ കുട്ടികൾ 100 രൂപ വീതം നിർബന്ധിത പിരിവും നൽകണം. ഇതോടെയാണ് രക്ഷകർത്താക്കൾ പരാതിയുമായി രംഗത്തെത്തിയത്.

ലക്കി കൂപ്പൺ പിരിവ് പി.ടി.എ.യുടെ തീരുമാനപ്രകാരമെന്നും അധ്യാപകർക്ക് പങ്കില്ലെന്നും സ്കൂൾ ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും അറിയിച്ചു. ലക്കി കൂപ്പൺ വിതരണം നിർത്തി വയ്ക്കാൻ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ നിർദേശം നൽകിയതായി എച്ച് എം ജ്യോതിലാൽ പറഞ്ഞു. കുട്ടികൾക്ക് നൽകിയ ലക്കി കൂപ്പണുകൾ നാളെ തിരികെ വാങ്ങാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.