ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽനിന്ന് ഇനി മുതൽ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. ഇന്നലെ മുതലുള്ള വീസ അപേക്ഷകൾക്കാണു പുതിയ മാനദണ്ഡം ബാധകമാകുകയെന്നു ഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.
അപേക്ഷകർ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് അറിയിക്കും. നടപടി എങ്ങനെ പൂർത്തിയാക്കണമെന്നും നിർദേശിക്കും. ഇന്ത്യയിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളെയാണ് ബയോമെട്രിക് കലക്ഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്നത്.
വീസ നടപടികൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നും ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിലേക്കു പുതിയ രീതി വ്യാപിപ്പിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപേക്ഷകർക്ക് നേരിട്ടു ബയോമെട്രിക് കലക്ഷൻ സെന്ററുകളിൽ ഹാജരാവുകയോ ഓസ്ട്രേലിയൻ ഇമ്മി (Australian Immi) ആപ്ലിക്കേഷൻ വഴി ഡിജിറ്റലായി ഈ വിവരങ്ങൾ നൽകുകയോ ചെയ്യാം. ആഭ്യന്തര വകുപ്പിന്റെ അറിയിപ്പു ലഭിക്കുംവരെ ബയോമെട്രിക് നൽകേണ്ടതില്ല.






