ഫോം എട്ടിലും എട്ടിന്റെ പണി: യുപിയിൽ കൂട്ടത്തോടെ വോട്ടുവെട്ടൽ

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫോം 6, ഫോം 7 എന്നിവയ്ക്കു പുറമേ ഫോം 8 ഉപയോഗിച്ചും യഥാർഥ വോട്ടർമാരെ ഒഴിവാക്കിയെന്നു തെളിഞ്ഞു. എസ്ഐആർ നടത്തി തയാറാക്കിയ അന്തിമവോട്ടർപട്ടികയിൽനിന്ന് ഉത്തർപ്രദേശിലെ പിലിബിത് സദർ മണ്ഡലത്തിലെ 10,470 വോട്ടർമാരുടെ പേരുകളാണ് ഫോം 8 നൽകിയെന്നുകാണിച്ചു തിരുത്തിയത്. എന്നാൽ, വോട്ടർമാർ അപേക്ഷ നൽകിയിരുന്നില്ല.

യഥാർഥ പേരുകൾ തിരുത്തിയതോടെ ഇവർക്കു വോട്ട് ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. തിരിച്ചറിയൽ കാർഡിലെ നമ്പർ ഉപയോഗിച്ച് തിരഞ്ഞാൽ ഇവരുടെ കാർഡ് നമ്പർ ഇപ്പോഴും നിലവിലുണ്ടെന്നു മനസ്സിലാകും. എന്നാൽ പേര് മറ്റാരുടേതോ ആണ്. വോട്ടർപട്ടികയിൽ നിലവിലുള്ള വിവരങ്ങൾ തിരുത്താൻ (പേര്, ഫോട്ടോ, വയസ്സ്, മേൽവിലാസം, ഭിന്നശേഷി തുടങ്ങിയവ) നൽകുന്ന അപേക്ഷയാണ് ഫോം 8.

വോട്ടർ റജിസ്ട്രേഷൻ ഓഫിസിലെ കംപ്യൂട്ടർ അസിസ്റ്റന്റാണ് കൃത്രിമം നടത്തിയതെന്ന് ഉത്തർപ്രദേശ് സിഇഒ നവ്ദീപ് റിൻവ സമ്മതിച്ചു. ഇയാളെ പുറത്താക്കി. 2 ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. ഏപ്രിൽ 10ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 6, 7, 8 എന്നിവ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നു കണ്ടെത്താൻ‌ മുഴുവൻ മണ്ഡലങ്ങളിലും പരിശോധന നടത്താനും സിഇഒ നിർദേശിച്ചു.

പേരുകൾ തിരുത്തിയതു കാരണം വോട്ടവകാശം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ജയിച്ച മണ്ഡലമാണ് പിലിബിത്. അടുത്ത വർഷം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ഉറപ്പാക്കാനാണ് പട്ടികയിൽ തിരിമറി നടത്തിയതെന്നു കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആരോപിച്ചു.

പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം 6ൽ‍ മാറ്റം വരുത്തിയതിനെതിരെ സുപ്രീം കോടതി കമ്മിഷനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷമാണ് പട്ടികയ്ക്കു പുറത്തുള്ളവരെ കൂട്ടിച്ചേർക്കാൻ പ്രത്യേക ക്യാംപെയ്ൻ തുടങ്ങിയത്.