വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബേയുട്രിസ് കോയിൽ. ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് 1993ലാണ് കോയിൽ പീഡനത്തിന് ഇരയായതെന്ന് ഹൗസ് ജുഡീഷ്യറി കമ്മറ്റിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ ട്രംപിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിച്ചുവരികയാണ് ഈ കമ്മിറ്റി.
16 വയസ്സ് മുതലുള്ള പെൺകുട്ടികൾ പങ്കെടുത്ത ‘ഡോണൾഡ് ജെ ട്രംപ് അമേരിക്കൻ ഡ്രീം’ സൗന്ദര്യമത്സരത്തെക്കുറിച്ചുള്ള കോയിലിന്റെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. സ്ത്രീകളെ വേട്ടയാടാനുള്ള ഒരു മാർഗമായി ട്രംപും എപ്സ്റ്റീനും ഈ മത്സരത്തെ ഉപയോഗിച്ചുവെന്ന് അവർ ആരോപിച്ചു. 1993 നവംബറിലെ മത്സരത്തിൽ പങ്കെടുക്കാൻ ജിൽ ഹാർട്ട് ക്ഷണിക്കുമ്പോൾ കോയിൽ ഒരു മോഡലായും സാമ്പത്തിക സേവന രംഗത്തെ പ്രഫഷനലായും പ്രവർത്തിക്കുകയായിരുന്നു. പ്ലാസ ഹോട്ടലിൽ നടന്ന ഒരു പത്രസമ്മേളന ഉച്ചഭക്ഷണവിരുന്നിനിടെ ഡോണൾഡ് ട്രംപ് മുഖേന 24 വയസ്സുള്ള കോയിലിനെ എപ്സ്റ്റീൻ എങ്ങനെയാണ് സമീപിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ട്രംപ് തന്നെ സമീപിച്ച് വിസയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനവും നേടിത്തരാമെന്ന് വാഗ്ദാനം ചെയ്തതായും അവർ പറയുന്നു.
തന്റെ കാര്യങ്ങൾ നോക്കിക്കോളാമെന്നും യാത്രയ്ക്കു വേണ്ട കാര്യങ്ങൾ ചെയ്തു തരാമെന്ന് എപ്സ്റ്റീനും വാഗ്ദാനം ചെയ്താതും കോയിൽ പറഞ്ഞു. ട്രംപിന്റെ അനുയായികളാണ് തന്നെ ഹോട്ടലിലെ സ്യൂട്ട് റൂമിലേക്ക് എത്തിച്ചത്. അവിടെ വച്ച് താൻ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് അവർ പറയുന്നു. വസ്ത്രങ്ങൾ വലിച്ചു കീറി ശരീരത്തിൽ മുറിവേൽപ്പിക്കുകയും ശരീരത്തിന്റെ പല ഭാഗത്തുനിന്ന് രക്തമൊഴുകുകയുമുണ്ടായി. ബലാത്സംഗത്തിനു ശേഷം ട്രംപ് ഈ വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെടുകയും സർവകലാശാലയിൽ വീണ്ടും പ്രവേശനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി കോയിൽ പറയുന്നു. കോയിൽ സ്വിറ്റ്സർലൻഡിലേക്ക് തിരികെയെത്തിയ ശേഷവും ട്രംപ് ഫോണിൽ ബന്ധപ്പെട്ട് വീസ വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചെന്നും അവർ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചു. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ട്രംപിന്റെ നേട്ടങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കമാണ് ഇതിനു പിന്നിലെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.








