തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ശിശുമരണത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും. ഡോക്ടർമാർ ഊരുകളിൽ ക്യാമ്പ് ചെയ്തായിരിക്കും പരിശോധനകൾ നടത്തുക. അട്ടപ്പാടി ശിശുമരണം സംബന്ധിച്ച വിമർശനങ്ങളിൽ വസ്തുതയുണ്ട്. ജനിക്കുമ്പോൾ തന്നെ ഹൃദയത്തിനും മറ്റുമുള്ള തകരാർ മൂലമാണ് കുട്ടികൾ മരിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.







