Headlines

ചെലവ് കുറയ്ക്കാൻ മൈക്രോസോഫ്റ്റ്; കൂട്ട വിആർഎസ് നടപ്പാക്കാൻ കമ്പനി, ഇന്ത്യയിലും നടപടി

ന്യൂഡല്‍ഹി: വമ്പന്‍ നിക്ഷേപങ്ങള്‍ക്കിടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിനായി അവസരം നല്‍കി മൈക്രോസോഫ്റ്റ്. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ നിശ്ചിത വിഭാഗം ജീവനക്കാര്‍ക്കാണ് പുതിയ വൊളന്ററി എക്‌സിറ്റ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയിലെ 60,000 ത്തോളം ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ആകെ ജീവനക്കാരുടെ ഏകദേശം 27 ശതമാനമാണിത്. നിശ്ചിത മാനദണ്ഡമനുസരിച്ചുള്ള ജീവനക്കാര്‍ക്കാണ് ഓഫര്‍ ബാധകമാകുക. കൂട്ട വിആര്‍എസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചു.

എഐ കംപ്യൂട്ടിങ്ങിനുള്ള വര്‍ധിച്ച ആവശ്യകത നിറവേറ്റാന്‍ ഡാറ്റാ സെന്ററുകളില്‍ മൈക്രോസോഫ്റ്റ് വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്. ഓപ്പണ്‍ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികള്‍ക്ക് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നതിനും ഈ പരിഷ്‌കരണം വഴി സാധ്യമാകും. ഈ സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തിലെ മൂലധനച്ചെലവ് 50 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയത്.

ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്കയിലെ ജീവനക്കാര്‍ക്കായി ആദ്യമായി മൈക്രോസോഫ്റ്റ് വൊളന്ററി റിട്ടയര്‍മെന്റ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജൂലൈയില്‍ 4,800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയും കമ്പനി അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് തൊഴില്‍മാറ്റത്തിന് കൂടുതല്‍ വഴികള്‍ ഒരുക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് പുതിയ പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ആമി കോള്‍മാന്‍ ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കി. പദ്ധതി സ്വീകരിക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ കമ്പനിയില്‍ തുടരാം.

അതേസമയം, പുതിയ വിആര്‍എസ് പദ്ധതിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റിലെ ചില മാര്‍ക്കറ്റിങ്, സെയില്‍സ്, എന്‍ജിനീയറിങ് ടീമുകള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഓഫര്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ ആദ്യത്തോടെ തീരുമാനമെടുക്കാം.

ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച വൊളന്ററി റിട്ടയര്‍മെന്റ് പദ്ധതിയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ജീവനക്കാരില്‍ 30 ശതമാനത്തിലധികം പേര്‍ ഓഫര്‍ സ്വീകരിച്ചതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്നത്തെ പദ്ധതി സീനിയര്‍ ഡയറക്ടര്‍ തലത്തിലും അതിനു താഴെയുമുള്ള ജീവനക്കാര്‍ക്കാണ് ബാധകമായിരുന്നത്. പുതിയ പദ്ധതി വൈസ് പ്രസിഡന്റ് തലത്തിലുള്ള ജീവനക്കാര്‍ വരെയും വ്യാപിപ്പിക്കുന്നതാണെന്ന് പദ്ധതിയെക്കുറിച്ച് അറിവുള്ള വ്യക്തി അറിയിച്ചു. പുതിയ പദ്ധതിയിലൂടെ എത്ര ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രത്യേക ലക്ഷ്യം കമ്പനി നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.