Headlines

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷാ ക്രമക്കേടുകളിലാണ് പുതിയ എഫ്‌ഐആറുകള്‍ ഇട്ടത്. ഇതിന് പുറമേ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടിലും ഉടന്‍ കേസെടുക്കും. അന്വേഷണ സംഘത്തിന് 177 പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.ഇന്നലെ പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടില്‍ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെയാണ് പിഎസ്‌സി സസ്‌പെന്‍ഡ് ചെയ്തത്. കേസിൽ ഹരിയെ ക്രൈം ബ്രാഞ്ച് നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്‌ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നാണ് ചോദിച്ചിരുന്നത്. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കമുണ്ടായത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.