കോട്ടയം ∙ അടിമാലിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പാറമ്പുഴയിലെ ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥരായ പി.എസ്.ബിനോയ്മോൻ, സി.പി.യദുകൃഷ്ണൻ, അനൂപ മാത്യൂസ് എന്നിവർക്കു പൊലീസിന്റെ അഭിനന്ദനം. കഴിഞ്ഞ 19ന് അടിമാലി വാളറ മൂന്നുകലുങ്കിനു സമീപമായിരുന്നു അപകടം. കൊച്ചി – മധുര ദേശീയപാതയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു കൊക്കയിലേക്കു മറിയുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് ബൈക്ക് ഉൾപ്പെടെ ഇവർ വീണത്. അപകടത്തിൽ പറവൂർ സ്വദേശി ആദിത്യൻ (21) സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന പറവൂർ സ്വദേശി ഭഗത് കൃഷ്ണ (21)യെയാണ് രക്ഷപ്പെടുത്തിയത്. ഭഗത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നാറിലേക്കു പോകുകയായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം ഗതാഗതക്കുരുക്കിന്റെ കാരണം അന്വേഷിച്ചു ചെന്നപ്പോഴാണ് അപകടവിവരമറിഞ്ഞത്. ഉടൻ സമീപത്തെ പുഴയിലെ പാറക്കെട്ടുകളിൽ ബൈക്ക് വീണ സ്ഥലത്തേക്കു ബിനോയ്മോനും യദുകൃഷ്ണനും ഇറങ്ങി. ഒപ്പം അവിടെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലരും. ഭഗത് കൃഷ്ണയ്ക്ക് ജീവനുണ്ടെന്നു മനസ്സിലായതോടെ വണ്ടിയിൽ നിന്നു യദുവിന്റെ മുണ്ട് എടുത്ത് അതിൽ കിടത്തി താങ്ങിയെടുത്താണു പാറക്കെട്ടുകളിൽ നിന്ന് ഇവർ റോഡിലെത്തിച്ചത്. കുറച്ചുദൂരം അനൂപയും കൂടി.
രക്ഷാപ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ.എ.നസീം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഹൈറേഞ്ച് സർക്കിളിലെ സിലക്ഷൻ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറാണ് ബിനോയ്മോൻ, ജിഐഎസ് വിദഗ്ധനാണ് യദുകൃഷ്ണൻ, കൺസർവേഷൻ ബയോളജിസ്റ്റാണ് അനൂപ.






