Headlines

തലച്ചോറിലെ രക്തസ്രാവം, കിം ജോങ് ഉൻ മരിച്ചു? പുതിയ ചിത്രങ്ങളുമായി ഉത്തര കൊറിയ

പ്യോങ്യാങ്∙ ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ (42) തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചതായി അഭ്യൂഹങ്ങൾ. കിം ചൈനയിലെ ആശുപത്രിയിൽവച്ച് മരിച്ചതായി അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് വിമതനാണ് അവകാശപ്പെട്ടത്. എന്നാൽ, മണിക്കൂറുകൾക്കകം കിമ്മിന്റെ പുതിയ ചിത്രം വടക്കൻ കൊറിയയിലെ സർക്കാർ മാധ്യമം പുറത്തുവിട്ടു.
കിം തന്റെ മകൾക്കൊപ്പം പ്രദർശനഹാൾ സന്ദർശിക്കുന്നതാണ് ചിത്രത്തിലുള്ളത്. കിമ്മിനെയും ഉത്തരകൊറിയയെയും സംബന്ധിച്ച് ഇത്തരം അഭ്യൂഹങ്ങൾ പരക്കുന്നത് പതിവാണെന്ന് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു. ലോകത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നായാണ് പാശ്ചാത്യ ഭരണകൂടവും മാധ്യമങ്ങളും ഉത്തരകൊറിയയെ വിലയിരുത്തുന്നത്. അതിനാൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അവർ പറയുന്നു.

ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനായ വാൻജുൻ ഷീ എന്നയാളാണ് കിം മരിച്ചതായി അവകാശപ്പെട്ടത്. ചൈനീസ് നേതാവ് ഷി ചിൻ പിങ്ങുമായി ബന്ധപ്പെട്ടും ഇയാൾ നേരത്തെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. കിമ്മിന് മസ്തിഷ്കാഘാതം ഉണ്ടായെന്നും ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലേക്ക് മാറ്റിയെന്നുമാണ് ഷീ ആരോപിച്ചത്. കിം പിന്നീട് മരണപ്പെട്ടെന്നും മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും ഇയാൾ അവകാശപ്പെട്ടു.