Headlines

‘പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ 3 മണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞു; 50,000 പിഴയടപ്പിച്ചു’: ആരോപണവുമായി ആംആദ്മി

ചണ്ഡിഗഡ്∙ പാരിസിലെ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ തടഞ്ഞുവച്ചെന്നും 50,000 രൂപ പിഴ ഈടാക്കിയെന്നും ആം ആദ്മി പാർട്ടി. ഭഗവന്ത് മന്നിനെ അപമാനിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കമാണിതെന്ന് എഎപി സംസ്ഥാന മീഡിയ ഇൻചാർജ് ബൽതേജ് പന്നു പറഞ്ഞു.

‘‘ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോധപൂർവം അദ്ദേഹത്തെ തടഞ്ഞു. ലഗേജ് വന്നുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. പിന്നീട് മറ്റ് കാരണങ്ങൾ പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം പുറത്തുപോകാൻ അനുവാദം നൽകി. 50,000 രൂപ പിഴയും ചുമത്തി. ഇത് പഞ്ചാബിനെ അപമാനിക്കലാണ്’’–പന്നു പറ‍ഞ്ഞു.

എന്തിനാണ് പിഴ ചുമത്തിയതെന്ന് പന്നു വ്യക്തമാക്കിയിട്ടില്ല. ഭഗവന്ത് മന്നിന്റെ ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട് എഎപി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണ് ഈ വിവാദം. യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി കേന്ദ്രം നിഷേധിച്ചതിനെ തുടർന്ന് പഞ്ചാബ് സർക്കാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കേന്ദ്രത്തിന്റെ തീരുമാനം റദ്ദാക്കി.