ചെന്നൈ∙ ഇൻസ്റ്റഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ജീവനൊടുക്കി. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ‘ഫൈനാൻസ് വിത്ത് ഹരീഷ്’ എന്ന ജനപ്രിയ സോഷ്യൽ മീഡിയ ബ്രാൻഡ് നടത്തിയിരുന്ന വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനി സിഇഒയുടെ സൈബർ ഭീഷണിയാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവ് ആരോപിച്ചു. സ്വകാര്യ കമ്പനിയുടെ സിഇഒയുടെ ആരോപണങ്ങളെ തുടർന്ന് ഹരീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ ഡിസേബിൾ ചെയ്തിരുന്നു. തുടർന്ന്, പുതിയ അക്കൗണ്ടിലൂടെ വിഡിയോകൾ പുറത്തിറക്കി വരികയായിരുന്നു. ഇതുമൂലം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു മകനെന്ന് പിതാവ് പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, ഹരീഷ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി സിഇഒ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
സൈബർ ഭീഷണി, ഇൻഫ്ലുവൻസർ ജീവനൊടുക്കി; 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ്








