Headlines

അമേരിക്കയെ ഇനി ഇറാന്‍ വിശ്വസിക്കുന്നില്ല, ഏതൊരു ചര്‍ച്ച നടക്കണമെങ്കിലും ആദ്യം ഉപരോധങ്ങള്‍ നീക്കണം: ഇറാന്‍

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെങ്കില്‍ അതിന് മുമ്പ് ഉപരോധങ്ങള്‍ നീക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഏതൊരു ചര്‍ച്ചയ്ക്കും മുന്നോടിയായി അമേരിക്ക ആദ്യം എല്ലാ സാമ്പത്തിക സമ്മര്‍ദങ്ങളും ഭീഷണികളും ഉപരോധങ്ങളും ഇല്ലാതാക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചാല്‍ മേഖലയിലുടനീളം നാശം വിതയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന് നേരെയുള്ള ഏതൊരു പുതിയ ആക്രമണത്തിനും കൂടുതല്‍ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ളഹിയും പ്രതികരിച്ചു. (sanctions must be lifted first for any talks says iran)

ഇറാനുമായി സമാധാന കരാറിലെത്തുന്നത് അതീവ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിലെ ചരക്കു കപ്പലുകളെ ലക്ഷ്യമിടുന്നത് നിര്‍ത്തുന്നതുവരെ അമേരിക്ക ഇറാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കാന്‍ താനും പ്രസിഡന്റ് ട്രംപും പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ പ്രോട്ടോക്കോള്‍ ലംഘിച്ച ഒരു സൂപ്പര്‍ ടാങ്കര്‍ മൈനില്‍ ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.