മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലിം ലീഗിനെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിൽ ആണ് വിമർശനം. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങൾ നീതിപരമായി പരിഗണിക്കുന്നതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
മുസ്ലിം ലീഗാണ് നിലവിൽ വഖ്ഫ് ബോർഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാർട്ടിയാണ് ലീഗ്. തങ്ങളുടെ അനുയായികൾക്കും താത്പര്യക്കാർക്കും ഭരണപരമായ സ്ഥാപന ങ്ങളിൽ സ്ഥാനങ്ങൾ നേടിക്കൊടുക്കുന്നതിനു പകരം എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയുമാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടത് എന്നുമാണ് വിമർശനം.
അതേസമയം, കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂർണമായും പിരിച്ചു വിട്ടാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത് ഇസ്ലാമി, കെ.എൻ.എം തുടങ്ങിയ സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയാണ് പുനഃസംഘടന. എന്നാൽ അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല. അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി മുസ്തഫൽ ഫൈസിയും ബോർഡിൽ ഉൾപ്പെട്ടു.







