ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും നറുക്കെടുപ്പിന് ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചത്. ശബരിമലയിലെ മേൽശാന്തി തിരഞ്ഞെടുപ്പ് പട്ടികയിൽ ഏഴുപേരും മാളികപ്പുറം പട്ടികയിൽ അഞ്ച് പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. മഴയെ അവഗണിച്ച് നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. മുപ്പതിനായിരത്തിലേറെ പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നു. തുലാം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് നട വീണ്ടും തുറന്നു. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ നട തുറക്കുന്നു എന്ന സവിശേഷതയുമുണ്ട്. പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22-ന് നട അടയ്ക്കും.