സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. കൃത്യമായി അന്വേഷണം നടക്കും. ഭഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യും. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
ഭംഗിയായി മണ്ഡല മകരവിളക്ക് തീർത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നലെയും ഇന്നും ശബരിമലയിൽ വലിയ തീർത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 50,000 തീർത്ഥാടകർ വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തു. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 22 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സന്നിധാനത്ത് എത്തും. വൈകുന്നേരത്തോടുകൂടി തിരിച്ചുപോകുമെന്ന് പി എസ് പ്രശാന്ത് അറിയിച്ചു.
വിവാദ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ സന്ദർശനം അഭിമാനം തോന്നുന്നുവെന്നും ഇന്ത്യയുടെ പ്രഥമ പൗരൻ ഇവിടെ വരുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അതേസമയം ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനായി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷ പൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ്. ശബരിമല മേൽശാന്തി നറുക്കെടുപ്പിനായി 14 പേരും മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനായി 13 പേരുമാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. സുതാര്യത ഉറപ്പാക്കാനായി ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖ പ്രകാരമാണ് നറുക്കെടുപ്പ്.