ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഇന്നും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കും. ഇടത് വിദ്യാർഥി യുവജന സംഘടനകൾ ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കും. കർശനമായ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ സിജെപി നേതാക്കൾ ഏത് തരത്തിലാകും ഇനി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന് സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വസതിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് ഡൽഹി ഡൽഹി പൊലീസ് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുച്ചയ്ക്ക് 2:30 ഓടെയാണ് ദീപ്കെയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവ് മുൻപിൽ ഹാജരാക്കിയത്. കൂടുതൽ കസ്റ്റഡിയിൽ വിടാതെ ദീപ്കെയ്ക്ക് ഉപാധികളോട് ജാമ്യം അനുവദിച്ചു. ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തണമെന്ന് ദീപ്കെയോട് നിർദേശിച്ചു. തിരംഗ മാർച്ചിൽ പങ്കെടുക്കാൻ ഐസ വിദ്യാർഥി സംഘടനയ്ക്ക് നേതൃത്വം നൽകിയ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഇന്നലെ പുലർച്ചയാണ് വിട്ടയച്ചത്. അതിനിടെ ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ വനിതകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളിൽ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അതേസമയം, സിജെപി സഹ കൺവീനർമാരായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുന്നുവെന്നാണ് സിജെപി ആരോപണം. ഇന്ന് ഇവരെ വിട്ടയിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.








