തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ. 2017-ൽ നടന്ന ജയമാധവൻ നായരുടെ കൊലപാതകത്തിൽ ആണ് അറസ്റ്റ്. സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. തറവാട്ടിൽ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥൻ പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയ മാധവൻ നായർ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
1991 മുതൽ 2017 വരെയുള്ള കാലയളവിലായിരുന്നു മരണങ്ങൾ. ഏറ്റവും ഒടുവിൽ 2017 ഏപ്രിൽ രണ്ടിനു മരിച്ച ജയമാധവന്റെ മരണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രനെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കട്ടിലിൽ നിന്ന് വീണുണ്ടായ പരുക്കാണ് മരണകാരണം എന്നായിരുന്നു ആദ്യ നിഗമനം. ഇങ്ങനെയായിരുന്നു കാര്യസ്ഥനും പൊലീസിന് നൽകിയ മൊഴി. എന്നാൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. തുടർന്നാണ് 9 വർഷങ്ങൾക്കുശേഷം കാര്യസ്ഥൻ രവീന്ദ്രന്റെ അറസ്റ്റ്.
ജയ് മാധവൻ നായർ മരിച്ചു കിടന്ന മുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആയിരുന്നു കേസിന്റെ ചുരുളഴിഞ്ഞത്. വീട്ടിലെ ജോലിക്കാരിയുടെയും, ജയ് മാധവനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെയും മൊഴികൾ നിർണായകമായി. വ്യാജ വിൽപ്പത്രം തയ്യാറാക്കി കോടികൾ വില മതിക്കുന്ന തറവാട്ട് സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ബന്ധുക്കളും ചേർന്ന് കൈക്കലാക്കി എന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിന്റെ ആദ്യനാൾ മുതൽ ദുരൂഹത നിറഞ്ഞതായിരുന്നു. 15 വർഷത്തിനിടെ ഉണ്ടായ ഏഴു മരണങ്ങളിലും ദുരൂഹത ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാൽ അവസാനം മരിച്ച ജയ് മാധവന്റെ കാര്യത്തിൽ മാത്രമാണ് ദുരൂഹത നീക്കാൻ പൊലീസിനായത്. കാര്യസ്ഥൻ രവീന്ദ്രനെ കോടതിയിൽ ഹാജരാക്കും.









