Headlines

നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങിയതായി നോർക്ക; കാസർകോട്, കോട്ടയം സംഘങ്ങൾ സുരക്ഷിതർ

തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള 17 സെറ്റ് വിവരങ്ങൾ ലഭിച്ചതായി രാജേഷ് മാധവൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഈ വിവരങ്ങൾ ഏകീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 53 മലയാളികളെ തിരിച്ചറിഞ്ഞത്. ‘‘ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം 53 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്’’ – രാജേഷ് മാധവൻ പറഞ്ഞു. ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് തകരാറുകൾ കാരണം നേരിട്ടു ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ലഭ്യമായ വിവരങ്ങൾ പ്രകാരം അവർ സുരക്ഷിതരാണെന്നാണ് കരുതുന്നതെന്നും നോർക്ക വ്യക്തമാക്കി.

ഈ 53 പേരെക്കൂടാതെ കാസർകോട് കാഞ്ഞങ്ങാടുനിന്നുള്ള 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരക്ഷിതരാണെന്ന് രാജേഷ് മാധവൻ അറിയിച്ചു. ഇവർ നേപ്പാളിലെ മറ്റ് ഭാഗങ്ങളിലേക്കാണു യാത്ര ചെയ്തിരുന്നത്. ഈ സംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞതായും നോർക്ക വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫിസർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം റെസിഡന്റ് കമ്മിഷണറുടെ ഓഫിസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് ഇന്ത്യൻ എംബസിക്ക് കൈമാറുന്നുണ്ടെന്നും നോർക്ക അറിയിച്ചു.

കുടുങ്ങിക്കിടക്കുന്നവരുടെ അവസാനമായി അറിയപ്പെട്ട സ്ഥലം കണ്ടെത്തുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് രാജേഷ് മാധവൻ പറഞ്ഞു. നോർക്കയെ സമീപിച്ച കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെട്ടു വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുങ്ങിയവർ അവസാനമായി വിളിച്ചിട്ടുണ്ടോ, ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്കു പോകുന്നതായി അറിയിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു ബന്ധപ്പെട്ട അധികാരികൾക്കു കൈമാറിയിട്ടുണ്ട്. ‘‘അവരുടെ അവസാന ലൊക്കേഷൻ സ്ഥിരീകരിക്കാൻ കഴിഞ്ഞാൽ നേരിട്ടു ബന്ധപ്പെടാനും കൂടുതൽ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ’’ – രാജേഷ് മാധവൻ പറഞ്ഞു. 53 പേരെ തിരിച്ചറിഞ്ഞതിനുശേഷം നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചു പുതിയ ഫോൺകോളുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലർ ടൂർ ഗ്രൂപ്പുകളായും ചിലർ കുടുംബസമേതം അവധിയാഘോഷത്തിനായുമാണ് നേപ്പാളിലെത്തിയത്. എല്ലാവരുടെയും കൃത്യമായ ഔദ്യോഗിക ഡേറ്റാബേസ് ലഭ്യമല്ലെന്നും നോർക്ക അറിയിച്ചു. പലരും റജിസ്ട്രേഷൻ പുതുക്കുകയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിച്ചു കൃത്യമായ പട്ടിക തയാറാക്കുന്നത് ബുദ്ധിമുട്ടാണെന്നും രാജേഷ് മാധവൻ പറഞ്ഞു.

നേപ്പാളിലേക്കു പോയ കാസർകോട് ജില്ലയിലെ തന്റെ മണ്ഡലത്തിൽപ്പെട്ടവർ ഉൾപ്പെടുന്ന വിനോദസഞ്ചാര സംഘം വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സുരക്ഷിത കേന്ദ്രത്തിലെത്തിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു. സംഘത്തിന് ഓഗസ്റ്റ് 29 ന് മടങ്ങാനുള്ള ടിക്കറ്റുകളുണ്ടെന്നും ഏതു സാഹചര്യത്തിലും ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. വിനോദസഞ്ചാരികളുമായി സംസ്ഥാന സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കഴിഞ്ഞ രാത്രിയിലും മുഖ്യമന്ത്രിയുടെ ഓഫിസ് തനിക്കുമായും നേപ്പാളിൽ കുടുങ്ങിയവരുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.