Headlines

ബൈ റണ്ണിനെ ചൊല്ലി അമ്പയര്‍മാരുമായി തര്‍ക്കിച്ച് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍; തെറ്റായ തീരുമാനമെന്ന് വിന്‍ഡീസ്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ ബൈ റണ്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അമ്പയര്‍മാരും വിന്‍ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്‍ക്കം. പ്രിന്‍സ് യാദവ് ക്രീസില്‍ നില്‍ക്കവെയായിരുന്നു സംഭവം. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന് ഷെയ്‌ഹോപ്പും റോസ്റ്റണ്‍ ചേസുമാണ് പ്രധാനമായും അമ്പയര്‍മാരായ വീരേന്ദര്‍ ശര്‍മ്മ, ജയരാജന്‍ മഡാനഗോപാല്‍ എന്നിവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. പ്രിന്‍സ് യാദവിന് ക്രീസില്‍ നില്‍ക്കെ ഷമര്‍ ജോസഫിന്റെ ഒരു സ്ലോ പന്ത് വരുന്നു. എന്നാല്‍ പന്ത് വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പ്രിന്‍സിന് സാധിക്കാതെ പന്ത് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്റെ കൈയ്യിലെത്തുന്നു. ഇന്ത്യന്‍ താരങ്ങളെ റണ്‍ഔട്ട് ആക്കുന്നതിനായി ഷെയ് ഹോപ്പ് പന്ത് ജോസഫിന് നേരെ എറിയുന്നു. എന്നാല്‍ പന്ത് പിടിച്ചെടുക്കാന്‍ ജോസഫിന് സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണിനായി ഓടുകയും അമ്പയര്‍ അത് ഒരു ബൈ ആയി നല്‍കുകയും ചെയ്തു. ഇതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ അസന്തുഷ്ടരായി അവരുടെ അടുത്തെത്തി തര്‍ക്കിച്ചത്. ബാറ്റര്‍മാര്‍ റണ്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പന്ത് നിശ്ചലമായിരുന്നുവെന്നായിരുന്നു വിന്‍ഡീസ് താരങ്ങളുടെ വാദം. എന്നാല്‍ അമ്പയര്‍മാര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഷെയ് ഹോപ്പും റോസ്റ്റണ്‍ ചേസും തങ്ങളുടെ വാദമുഖത്ത് നിന്നും പിന്തിരിയാന്‍ ഭാവമില്ലായിരുന്നു. റോസ്റ്റണ്‍ ചേസ് ജയരാജന്‍ മഡാനഗോപാലുമായും ഷെയ് ഹോപ്പ് വീരേന്ദര്‍ ശര്‍മ്മയുമായും സംസാരിച്ചു കൊണ്ടെയിരുന്നു.