Headlines

‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന സ്വകാര്യ സർവകലാശാല ബിൽ അനന്തമായി നീളുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിലുള്ള അനശ്ചിതത്വം പരിഹരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം. ഇതെല്ലാം ഉൾകൊള്ളുന്ന ഒരു പുതിയ ബില്ല് കൊണ്ട് വരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി റോജി എം ജോൺ.ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കേരള നോളജ് വാലി പ്രൊജക്റ്റ് സ്വപ്നപദ്ധതിയാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഈ നിയമസഭ കാലയളവിൽ തന്നെ പുതിയ ബില്ല് അവതരിപ്പിക്കാനാണ് ശ്രമം. പുതിയ ബില്ല് തയ്യാറാണ്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചു പുതിയ ബില്ല് കൊണ്ട് വരും. നിലവിലുള്ള ബില്ല് പിൻവലിച്ച ശേഷമാകും പുതിയ ബില്ല് അവതരിപ്പിക്കുക. മന്ത്രിസഭ ചർച്ച ചെയ്ത് നിലവിലെ ബില്ല് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അത് അനിവാര്യമാണെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾ മാത്രമല്ല വിദേശ സർവകലാശാലകളും വരണം അതാണ്‌ യുഡിഎഫ് നിലപാട്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഇത് സമഗ്രമായ മാറ്റം കൊണ്ട് വരുമെന്നും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.