Headlines

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കൂടിയാലോചന ഇല്ല; വി ഡി സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം ശക്തമാകുന്നു

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന ഇല്ലാത്തതാണ് സതീശനെതിരായ വിമർശനം ശക്തിപ്പെടാൻ കാരണം. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലും അറിഞ്ഞില്ല.

ഭരണത്തിലുളളപ്പോൾ അഭ്യന്തര പ്രശ്നങ്ങൾ രൂക്ഷം ആകുന്നത് കോൺഗ്രസിലും യുഡിഎഫിലും പുതുമയുളള കാര്യമല്ല. എന്നാൽ പത്ത് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ഭരണത്തിന്റെ മധുവിധു തീരും മുൻപേ മുഖ്യമന്ത്രിയെ വിമർശിച്ച് മുന്നണി കൺവീനർ രംഗത്ത് വരുന്നത് ഇതാദ്യമാണ്. പൊതുജനാഭിപ്രായത്തിന്റെ കരുത്തിൽ മുഖ്യമന്ത്രിസ്ഥാനം നേടിയ വി.ഡി സതീശന്റെ ഏകപക്ഷീയമായ ശൈലിയാണ് പുതുമ മാറുന്നതിന് മുൻപേ കോൺഗ്രസിൽ കലാപക്കൊടിഉയരാൻ കാരണം. ഭരണകാര്യങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന നടത്തുന്നില്ല എന്നതാണ് സതീശനെതിരായ പ്രധാന പരാതി.

മന്ത്രിസഭയിലും ചർച്ചകൾ കുറവാണ്. പ്രധാന വിഷയങ്ങൾ പറയാനെത്തുന്നവരെ ക്ഷമയോടെ കേൾക്കുന്നില്ല എന്നതും മുഖ്യമന്ത്രിക്ക് എതിരെ വിമർശനം ശക്തിപ്പെടാൻ കാരണമാകുന്നു. ഭരണപരമായ വിഷയങ്ങളിൽ ലീഗിനെ മാത്രം വിശ്വാസത്തിലെടുത്ത് നീങ്ങുന്നതാണ് മുഖ്യമന്ത്രിയുടെരീതി. തുടക്കത്തിൽ തന്നെ തമ്മിൽത്തല്ല് എന്ന പഴി കേൾപ്പിക്കേണ്ടെന്ന് കരുതി പലരും മൗനം പാലിക്കുകയായിരുന്നു.എന്നാൽ മുസ്ലീംലീഗിനും ഫോർവേഡ് ബ്ളോക്കിനും കാബിനറ്റ് പദവിയുളള സ്ഥാനങ്ങൾ നൽകാൻ തീരുമാനിച്ച വിവരം മാധ്യമങ്ങളിൽ കണ്ട് അറിയേണ്ടി വന്നതോടെയാണ് പരസ്യ പ്രതികരണം നടത്താൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിർബന്ധിതനായത്.

അടൂർ പ്രകാശ് വിമതസ്വരം ഉയർത്തിയതോടെ മുഖ്യമന്ത്രിയുടെ ശൈലിയിൽ വിമർശനമുളളവർ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ ശൈലി ചോദ്യം ചെയ്ത് വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്ത് വരുമെന്ന് ഉറപ്പാണ്. സർക്കാർ കൈക്കൊണ്ട നയപരമായ തീരുമാനങ്ങൾ പലതും പാർട്ടി നേതൃത്വം അറിഞ്ഞിട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭാംഗമായത് ഒരു സൌകര്യമായി എടുത്താണ് മുഖ്യമന്ത്രിയുടെ നീക്കം.സംസ്ഥാന ആസൂത്രണ ബോർഡ് പുനസംഘടിപ്പിച്ചത് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ പോലും അറിയിച്ചില്ല. ഭരണത്തിലേറി 4 മാസം കഴിഞ്ഞിട്ടും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ വീതം വെയ്ക്കുന്നത് തീരുമാനിക്കാനാവാത്തതും മുഖ്യമന്ത്രിയുടെ ശൈലി മൂലമാണെന്ന വിമർശനവും ശക്തമാണ്.

പദവികൾ ആഗ്രഹിക്കുന്ന നേതാക്കൾ ഇപ്പോൾ തന്നെ തീരുമാനം വൈകുന്നതിൽ അസ്വസ്ഥരാണ്. എല്ലാം തന്റെ തീരുമാനത്തിലൂടെ പോകണമെന്ന് ശഠിക്കുന്ന മുഖ്യമന്ത്രി സമഗ്രാധിപത്യ ശൈലിയാണ് പ്രകടിപ്പിക്കുന്നതെന്നാണ് വിമർശനം.വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്. മുസ്ലിം
ലീഗിന് ആറാം കാബിനറ്റ് പദവി കൊടുത്തതിനെ കുറിച്ചുളള ചോദ്യത്തിന് പറയാനുളളത് പാർട്ടിയിൽ പറയാമെന്ന കെ.സി.വേണുഗോപാലിന്റെ പ്രതികരണവും അതൃപ്തിയുടെ പ്രകടമായ സൂചനയാണ്.