തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമോ എന്നതിൽ ആകാംക്ഷ. കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്.
ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
പിണറായി വിജയന് ഉള്‍പ്പെടെ എതിരായി കേസെടുക്കുന്നതില്‍ തീരുമാനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നിര്‍ണായക നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇനി പന്ത് ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടിലാണ്. പിണറായിയ്ക്കെതിരെ കേസെടുത്താല്‍ ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ ഒഴിഞ്ഞെന്നാലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ആഭ്യന്തര വകുപ്പിന് വിശദമായി ചിന്തിക്കേണ്ടി വരും. പഴയ റിപ്പോര്‍ട്ടുകളും മറ്റും കേസ് അന്വേഷണത്തിന് നിയമ തടസമാകാന്‍ പോകുന്നില്ലെന്നാണ് എജി നല്‍കിയിരിക്കുന്ന നിയമോപദേശം. ഹവാല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് അന്വേഷണം വേണമോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇനി സംസ്ഥാന ആഭ്യന്തര വകുപ്പാണ് എടുക്കേണ്ടത്.









