Headlines

25,648 കുടുംബങ്ങൾക്കായി 25.64 കോടി; പത്തനംതിട്ടയിലെ പ്രളയബാധിതർക്ക് ധനസഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതർക്ക് സർക്കാർ ധനസഹായം അനുവദിച്ചു. 10,000 രൂപയാണ് ധനസഹായം. 25,648 കുടുംബങ്ങൾക്കായി 25.64 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. പ്രളയബാധിതരായ കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക. സംസ്ഥാന ദുരന്ത പ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽ നിന്നാണ് പണം അനുവദിച്ചത്. തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

12.82 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ബാക്കി 12.82 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടർ സമർപ്പിച്ച വിശദമായ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. വൈകാതെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും.

വീടുകളിൽ വെള്ളം കയറുകയോ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ മൂലം മണ്ണ്, ചെളി, പാറ എന്നിവ വീടുകളിൽ കയറുകയോ ചെയ്ത് നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനായി റേഷൻ കാർഡ് ഒന്നിന് 10,000 രൂപ വീതം അനുവദിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.